17 July, 2019 01:08:17 PM


മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ പാക് ഭീകരന്‍ ഹാഫിസ് സയീദ് അറസ്റ്റിൽ; ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു



ലാഹോര്‍: മുംബൈ ഭീകരാക്രമണ സൂത്രധാരനും ജമാഅത്തുദ്ദഅവ മേധാവി ഹാഫിസ് സയീദ് അറസ്റ്റിൽ. അറസ്റ്റു ചെയ്ത സയീദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുൽഭൂഷൺ ജാദവിന്‍റെ കേസിൽ രാജ്യാന്തര കോടതി വിധി പറയാനിരിക്കെയാണ് പാക്കിസ്ഥാന്‍റെ നിർണായക നീക്കം. പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അമേരിക്കൻ സന്ദർശനത്തിനു മുന്നോടിയായാണ് അറസ്റ്റെന്നും സൂചനയുണ്ട്. രാജ്യാന്തര സമ്മർദം അവഗണിക്കാൻ നിർവാഹമില്ലാതായതോടെ ഹാഫിസ് സയീദിനും 12 കൂട്ടാളികൾക്കുമെതിരെ പാക്കിസ്ഥാൻ നേരത്തെ തന്നെ നടപടികളെടുത്തിരുന്നു.


ഭീകരപ്രവർത്തനത്തിനു ധനസഹായം നൽകൽ, ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സമാഹരിക്കുന്ന തുക ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചാർത്തിയത്. പഞ്ചാബ് പൊലീസിന്‍റെ ഭീകരവിരുദ്ധ വകുപ്പ് 23 കേസുകളാണ് എടുത്തിട്ടുള്ളത്. പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ ഭീകരപ്രവർത്തനത്തിനു പണം നൽകിയതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. സയീദ് ലഹോറിലെ ജൗഹർ ടൗൺ വസതിയിലായിരുന്നു ഉണ്ടായിരുന്നത്.


പാക്ക് സർക്കാരിന്‍റെ പച്ചക്കൊടിക്കായി കാത്തിരിക്കുകയായിരുന്നു പൊലീസ്. ജമാഅത്തുദ്ദവയുടെയും ലഷ്കറെ തയിബയുടെയും സാമ്പത്തിക ഇടപാടുകൾ സമഗ്രമായി അന്വേഷിച്ചെന്നും പണം സമാഹരിച്ച ശേഷം അതുകൊണ്ട് അൽ അൻഫാൽ ട്രസ്റ്റ്, ദവാത് ഉൽ ഇർഷാദ് ട്രസ്റ്റ്, മുവാസ് ബിൻ ജബാൽ ട്രസ്റ്റ് തുടങ്ങിയവയുടെ പേരിൽ സ്വത്തുക്കൾ വാങ്ങിയെന്നും ഇവ ഉപയോഗിച്ച് കൂടുതൽ പണം പിന്നീടും സമാഹരിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K