27 June, 2019 11:53:02 AM


ഏറ്റുമാനൂരിലെ ആധുനിക പഴം - പച്ചക്കറി മാര്‍ക്കറ്റും സ്വകാര്യ ബസ് സ്റ്റാന്‍റ് നവീകരണവും കന്നിബജറ്റില്‍ ഒതുങ്ങിഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ ടൗണില്‍ ലോക ബാങ്ക് സഹായത്തോടെ ആധുനിക രീതിയിലുള്ള പഴം-പച്ചക്കറി മാര്‍ക്കറ്റ് പണിയുമെന്ന് നഗരസഭയുടെ കന്നി വികസന സെമിനാറില്‍ പ്രഥമചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള കച്ചവടക്കാരെ പുനരധിവസിപ്പിച്ചുകൊണ്ടാണ് പുതിയ മാര്‍ക്കറ്റ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് സ്ഥലം എം.എല്‍.എ അഡ്വ.കെ.സുരേഷ്കുറുപ്പിനെയും സാക്ഷി നിര്‍ത്തിയാണ് പ്രഖ്യാപനമുണ്ടായത്. ഗ്രാമപഞ്ചായത്ത് നഗരസഭയായി മാറിയ ആദ്യവര്‍ഷം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 4 കോടി രൂപയാണ് ലോകബാങ്ക് സഹായമായി പദ്ധതികള്‍ക്കായി വകയിരുത്തിയിരുന്നത്.

നഗരസഭാ ആസ്ഥാനത്തോട് ചേര്‍ന്ന് താല്‍ക്കാലിക ഷെഡുകള്‍ കെട്ടിയാണ് ഏറ്റുമാനൂരിലെ പച്ചക്കറി മാര്‍ക്കറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടസമുശ്ചയം നിര്‍മ്മിക്കുന്നതിന് ഇവിടെ പ്രവർത്തിച്ചു വന്ന മാർക്കറ്റ് വെള്ളക്കുഴിയിലേക്ക് താത്ക്കാലികമായി മാറ്റുകയായിരുന്നു. പ്രഥമ ചെയർമാന്‍റെ കാലത്ത് നടന്ന ഈ നടപടികളുടെ ബാക്കി പക്ഷെ അധികാര വടംവലിയുടെ ഭാഗമായി തുടരാനാവാതെ മുടങ്ങി. ഇതോടെ തിരിച്ചടിയായത് പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ കാത്തിരുന്ന കച്ചവടക്കാര്‍ക്ക്. നഗരസഭാ കാര്യാലയത്തിനോടും സ്വകാര്യ ബസ് സ്റ്റാന്‍റിനോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിലേക്ക് കയറണമെങ്കില്‍ കണ്ണും മൂക്കും പൊത്തണം. ദുർഗന്ധപൂരിതമായ അന്തരീക്ഷത്തിലേക്ക് പച്ചക്കറിയും മറ്റും വാങ്ങാൻ ആരും വരാതായി. 

നിലവിലെ നഗരസഭാ ഓഫീസിനോട് ചെര്‍ന്ന് പച്ചക്കറി മാര്‍ക്കറ്റും മിനി ഓഡിറ്റോറിയത്തോടു കൂടിയ പുതിയ ഓഫീസും ഉള്‍പ്പെട്ട ബഹുനില കെട്ടിടം നിര്‍മ്മിക്കാനാണ് നഗരസഭ പദ്ധതിയിട്ടത്. ഒപ്പം ലോക ബാങ്ക് സഹായത്തോടെ ആധുനിക കംഫര്‍ട്ട് സ്റ്റേഷനോടു കൂടി സ്വകാര്യ ബസ് സ്റ്റാന്‍റിന്‍റെ യാര്‍ഡ് നവീകരണം നടത്താനുമായിരുന്നു പദ്ധതി. എന്നാല്‍ നഗരസഭയുടെ പുതിയ കെട്ടിട സമുശ്ചയത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുക പാഴാക്കിയതോടെ നവീനമാര്‍ക്കറ്റ് എന്ന സ്വപ്നവും തകര്‍ന്നടിഞ്ഞു. പേരൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ പച്ചക്കറി മാർക്കറ്റിനെ സംരക്ഷിക്കാനുള്ള അധികൃതരുടെ തന്ത്രമായാണ് അനുവദിച്ച തുക വിനിയോഗിക്കാതെ പാഴാക്കി കളഞ്ഞ നടപടിയെ വ്യാപാരികളും ജനങ്ങളും കാണുന്നത്.

ഏറ്റുമാനൂർ ഗ്രാമപഞ്ചായത്ത് നഗരസഭയായി മാറിയപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി അനുവദിച്ച 2 കോടി രൂപയും കെ.സുരേഷ് കുറുപ്പ് എംഎൽഎയുടെ ഫണ്ടിൽ നിന്നുള്ള ഒരു കോടിയും ഇതിന് വിനിയോഗിക്കാനായിരുന്നു പദ്ധതി. നഗരസഭാ കൌണ്‍സില്‍ അംഗീകരിച്ച് ഫയലുകള്‍ മുന്നോട്ടു നീങ്ങവെ രണ്ട് വര്‍ഷം കഴിഞ്ഞ് ചെയര്‍മാനെ താഴെയിറക്കിയതും പിന്നാലെ പദ്ധതി പാളുന്നതും. നഗരസഭയുടെ ഓഫീസ് മന്ദിരവും പച്ചക്കറി മാര്‍ക്കറ്റും പ്രഥമചെയര്‍മാന്‍ വിഭാവന ചെയ്തതുപോലെ നിര്‍മ്മിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് തുടര്‍ന്ന് വന്ന സാരഥികള്‍ കൈകൊണ്ടത്. മാത്രമല്ല കെട്ടിടനിര്‍മ്മാണം സംബന്ധിച്ച വിശദമായ പദ്ധതിരേഖയും അടിസ്ഥാന രൂപകല്‍പനയും സമയബന്ധിതമായി സമര്‍പ്പിക്കാതെ പുതിയ മന്ദിരത്തിന്‍റെ കടയ്ക്കല്‍ കത്തി വെക്കുകയും ചെയ്തു. ഇതോടെ തുക ലാപ്സായി പോകുകയും ചെയ്തു. 

പ്രഥമചെയര്‍മാന്‍റെ വാര്‍ഡില്‍ ഈ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതില്ലെന്നായിരുന്നു രഹസ്യമായാണെങ്കിലും ഇവര്‍ അതിന് കണ്ടെത്തിയ പ്രധാന കാരണം. പകരം കണ്ടെത്തിയ പോംവഴി ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോള്‍ കുടുംബകോടതിയ്ക്ക് വാടകയ്ക്ക് നല്‍കിയിരുന്ന ടൌണ്‍ ഹാള്‍ പൊളിച്ചു മാറ്റി അവിടെ ബഹുനില മന്ദിരം സ്ഥാപിക്കുക  എന്നതായിരുന്നു. ജനങ്ങള്‍ക്ക് ഏറെ സൌകര്യപ്രദമായ രീതിയില്‍ നിലകൊള്ളുന്ന നിലവിലെ ഓഫീസ് മാറ്റിയാല്‍ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തങ്ങളെ ബാധിക്കില്ല എന്ന നിലപാടില്‍ കഴിഞ്ഞ ചെയര്‍മാന്‍റെ കാലത്ത് തുക വകയിരുത്തുകയും ചെയ്തു. 
Share this News Now:
  • Google+
Like(s): 254