23 June, 2019 01:08:57 AM


മത്സ്യത്തൊഴിലാളികള്‍ക്ക് വീണ്ടും തിരിച്ചടി : ശക്തമായ കാറ്റില്‍ അഞ്ച് ബോട്ടുകള്‍ തകര്‍ന്നു




കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ക്ക് വീണ്ടും തിരിച്ചടി. ശക്തമായ കാറ്റില്‍ ബോട്ടുകള്‍ വന്ന് തീരത്തടിഞ്ഞു. നിരവധി ബോട്ടുകളുടെ അടി തകര്‍ന്നു. ട്രോളിങ് നിരോധനവും മല്‍സ്യ കച്ചവടത്തില്‍ നിന്നും ലാഭം ഇല്ലാത്തതുമൂലം ദുരന്തം അനുഭവിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ഇത് വലിയൊരു തിരിച്ചടിയാണ്. കോഴിക്കോട് പുതിയാപ്പ ഹാര്‍ബറിലാണ് അഞ്ച് ബോട്ടുകള്‍ തകര്‍ന്നത്.


കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലാണ് ബോട്ടുകള്‍ തകര്‍ന്നത്. ട്രോളിങ് നിരോധനമായതിനാല്‍ നങ്കൂരം ഇട്ടിരുന്ന ബോട്ടുകളാണ് തകര്‍ന്നത്. കാറ്റില്‍ ഇത് കാരക്കടിയുകയായിരുന്നു. ഒരു ബോട്ടിന് ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടമായെന്നാണ് കണക്കാക്കുന്നത്.


പുതിയാപ്പ പ്രവിയെന്ന ഉടമയുടെ ചൈതന്യമോള്‍, മാധവന്‍ എന്നയാളുടെ മഞ്ജുഷ, ബാബുവിന്റെ ബോട്ട് സമുദ്ര, പ്രേമന്റെ ഉടമസ്ഥതിയുലുള്ള അരുള്‍ദേവി, പ്രമോദിന്റെ ബോട്ട് ലക്ഷ്മീദേവി എന്ന ബോട്ടുകളാണ് തകര്‍ന്നത്. ബോട്ടിനുള്ളില്‍ ഉപ്പ് വെള്ളം കയറുകയും, ബോട്ടിന്റെ പലകകളും തകര്‍ന്നിട്ടുണ്ട്. ഫിഷറീസ് അധികൃതര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K