21 June, 2019 02:22:19 PM


ട്രയിൻ ഇടിക്കാതിരിക്കാൻ നീലിമംഗലത്ത് പുഴയിലേക്ക് ചാടിയ ഏറ്റുമാനൂര്‍ സ്വദേശി യുവാവ് മുങ്ങി മരിച്ചു



കോട്ടയം: ട്രയിൻ ഇടിക്കാതിരിക്കാൻ നീലിമംഗലത്ത് പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. ഏറ്റുമാനൂർ വള്ളിക്കാട് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി സാബു (40)വിന്‍റെ മൃതദേഹമാണ് മീനച്ചിലാറ്റില്‍ നീലിമംഗലം പാലത്തിന്‍റെ രണ്ടാമത്തെ തൂണിന്‍റെ ചുവട്ടിൽ നിന്നും കണ്ടെത്തിയത്.  വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു അപകടം.


അഗ്നിരക്ഷാ സേനാ അധികൃതർ നടത്തിയ തിരച്ചിലിനൊടുവിൽ അരമണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഗാന്ധിനഗർ പൊലീസ് സംഭവത്തിൽ കേസെടുത്തു. തെങ്ങുകയറ്റ തൊഴിലാളികളായ സാബുവും മറ്റ് മൂന്ന് പേരും കൂടി ഏറ്റുമാനൂർ ഭാഗത്തു നിന്നും റെയിൽവേ ട്രാക്കിലൂടെ, നീലിമംഗലം പാലം മുറിച്ച് കടക്കുമ്പോഴാണ് ട്രയിന്‍ പ്രതീക്ഷിക്കാതെ പിന്നിലൂടെ ട്രെയിൻ പാഞ്ഞെത്തിയത്. 

ഈ സമയം ഇവർ പാലത്തിന്‍റെ നടുവിലായിരുന്നു. സാബുവൊഴികെ മറ്റു മൂന്നു പേരും മുന്നോട്ട് ഓടി ട്രാക്കിൽ നിന്നും പുറത്തു കടന്നു. ഇവർ ഇക്കരെ എത്തി ട്രെയിൻ കടന്നു പോയ ശേഷം നടത്തിയ പരിശോധനയിലാണ് സാബുവിനെ കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരും വിവമറിഞ്ഞ് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തുകയായിരുന്നു. ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്‌സ്പ്രസാണ് അപകട സമയത്ത് ഇതുവഴി കടന്നു പോയത്.

തൊട്ടടുത്ത് വാഹനഗതാഗതത്തിന് പാലം ഉണ്ടെങ്കിലും ഈ പ്രദേശത്ത് താമസിക്കുന്ന ആളുകൾ നല്ലൊരു ഭാഗവും റെയിൽവേ ട്രാക്കിലൂടെ ആറ് കടന്ന് അക്കരയിക്കരെ പോകുന്നത് ഏറെ അപകടം ക്ഷണിച്ചുവരുത്തുന്നു. ഇവർക്ക് അപകടത്തിൽ നിന്നും രക്ഷപെടാന്‍ പാളത്തിന് നടുവിൽ യാത്രക്കാർക്ക് കയറി നിൽക്കാൻ സൗകര്യം ഉണ്ടാകണമെന്ന് നേരത്തെ മുതൽ ആവശ്യമുള്ളതാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K