19 June, 2019 05:07:11 PM


പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സിക്ക് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം



ദില്ലി: യാത്രക്കാര്‍ കുറവുള്ള റൂട്ടുകളിലും വിനോദസഞ്ചാര മേഖലകളിലും സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത നൂറു ദിവസത്തിനുള്ളില്‍ ഇതിനായുള്ള ലേലനടപടികള്‍ ആരംഭിക്കുമെന്നും അപേക്ഷകള്‍ ക്ഷണിക്കുമെന്നുമാണ് റെയില്‍വേ ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോട്ടുകളില്‍ പറയുന്നത്.


വലിയ തിരക്കില്ലാത്ത പാതകളിലാണ് ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് അനുവദിക്കുക. പാസഞ്ചര്‍ ട്രെയിനുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിന്‍റെ ഭാഗമായി ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ട്രെയിനുകള്‍ ഓടിക്കും. റെയില്‍വേയുടെ കീഴിലുള്ള ഐആര്‍സിടിസിക്കാകും ഇതിന്‍റെ നടത്തിപ്പ് ചുമതല. ടിക്കറ്റിങ്ങും ട്രെയിനിനകത്തെ മറ്റ് സേവനങ്ങളും റെയില്‍വേ നേരിട്ട് ഏപ്പെടുത്തും. ഇതിന് ഒരു നിശ്ചിത കാലയളവിലേക്ക് നിശ്ചിത തുക ഒറ്റത്തവണയായി റെയില്‍വേ ഈടാക്കും.


ആദ്യഘട്ടത്തില്‍ റെയില്‍വേ തിരഞ്ഞെടുക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസുകളുടെ നടത്തിപ്പ് ചുമതലയാകും ഐആര്‍സിടിസിക്ക് നല്‍കുക.  ട്രെയിനുകളുടെ കോച്ചുകളും ഐആര്‍സിടിസിക്ക് ലീസിന് നല്‍കും. റെയില്‍വേയുടെ ഫിനാന്‍‍സിങ് സ്ഥാപനമായ ഐആര്‍എഫ്‌സി മുഖേനയാവും ലീസ് തുകയുടെ ഇടപാടുകള്‍. എല്ലാ മെമ്പര്‍മാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അയച്ച കത്തില്‍ റൂട്ടുകള്‍ ലേലം ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ അഭിപ്രായംകൂടി അറിഞ്ഞതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂവെന്നും നിര്‍ദ്ദേശമുയര്‍ന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K