13 June, 2019 06:47:13 PM


കടലാക്രമണം: വലിയ തുറയിൽ മന്ത്രി കൃഷ്ണൻകുട്ടിയെയും വിഎസ് ശിവകുമാറിനെയും തടഞ്ഞുവച്ചു



തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം വലിയതുറയിൽ സന്ദര്‍ശനത്തിനെത്തിയ മന്ത്രി കെ കൃഷ്ണൻകുട്ടിയെയും വിഎസ് ശിവകുമാര്‍ എംഎൽഎയെയും തീരദേശവാസികൾ തടഞ്ഞുവച്ചു. കടൽഭിത്തി നിര്‍മ്മിക്കുന്നതിനും കടലാക്രമണം ചെറുക്കുന്നതിനും ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് മേഖലയിൽ.  പൊലീസ് വളരെ പാടുപെട്ടാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. 


കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പതിനഞ്ച് വീടുകള്‍ കടലെടുത്തതുള്‍പ്പെടെ വലിയ നാശനഷ്ടങ്ങളാണ് പ്രദേശത്ത് ഉണ്ടായത്. കടലാക്രമണ മേഖലയിൽ നിന്ന് 300 ഓളം ആളുകളാണ് സമീപത്തെ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നത്. കളിമൺ ചാക്കുകളിട്ട് കടൽ കയറുന്നത് തടയാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. എല്ലാ സീസണിലും വലിയ നാശനഷ്ടങ്ങൾ വരുന്ന സാഹചര്യത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് മന്ത്രിയെയും സംഘത്തെയും തടഞ്ഞുവച്ചത്.


കരിങ്കല്ലിറക്കി കടൽ ഭിത്തി കെട്ടണമെന്നും അടിയന്തരമായ ഇടപെടലിന് മന്ത്രി നേരിട്ട് മേൽനോട്ടം വേണമെന്നുമായിരുന്നു തീരദേശവാസികളുടെ ആവശ്യം. നടപടികൾ വേഗത്തിലാക്കാമെന്ന മന്ത്രിയുടെ വാക്കുകൾ മുഖവിലക്ക് എടുക്കാൻ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഏറെ പാടുപെട്ടാണ് പ്രതിഷേധക്കാര്‍ക്കിടയിൽ നിന്ന് മന്ത്രിയെയും എംഎൽഎയെയും പൊലീസ് പുറത്തെത്തിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K