11 June, 2019 09:07:39 PM


രാജ്യത്ത‌് ഏറ്റവും അഴിമതി കുറഞ്ഞ നാടായി മാറാൻ മൂന്നു വർഷം കൊണ്ട‌് കേരളത്തിനു കഴിഞ്ഞു - മുഖ്യമന്ത്രി




തിരുവനന്തപുരം: മൂന്നു വർഷം കൊണ്ട‌് രാജ്യത്ത‌് ഏറ്റവും അഴിമതി കുറഞ്ഞ നാടായി മാറാൻ കേരളത്തിനു കഴിഞ്ഞെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്‍റെ നേട്ടങ്ങൾക്ക‌് ചാലകശക്തിയായി നിൽക്കാൻ സർവീസ‌് മേഖലയ‌്ക്ക‌് കഴിഞ്ഞു. സർക്കാരുമായി പൂർണമായി സഹകരിച്ച‌് പദ്ധതികൾ വിജയിപ്പിക്കാൻ ജീവനക്കാർ ഒപ്പം നിന്നു. സർക്കാരിന്‍റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോടുപോകാൻ സഹകരിച്ച സർവീസ‌് മേഖലയെയാകെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിനു സമാപനം കുറിച്ച‌് പുത്തരിക്കണ്ടം മൈതാനിയിൽ ചേർന്ന പൊതുസമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത‌് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന നാടാണ‌് കേരളം എന്ന അപഖ്യാതി 2016നു മുമ്പ‌ുണ്ടായിരുന്നു. ഉന്നതങ്ങളിൽ വ്യാപിച്ച വ്യാപക അഴിമതി കേരളത്തിനാകെ അവമതിപ്പുണ്ടാക്കി. ആ നിലയിൽനിന്ന‌്, രാജ്യത്ത‌് ഏറ്റവും അഴിമതി കുറഞ്ഞ നാടായി മാറാൻ കേരളത്തിനു കഴിഞ്ഞു എന്നത‌് നിസാരകാര്യമല്ല.

ചിലയിടങ്ങളിൽനിന്ന‌് അഴിമതി പൂർണമായി തുടച്ചുനീക്കി എന്നു പറയാനാകില്ല. സർക്കാർ ഓഫീസുകളെ കൂടുതലായി സമീപിക്കുന്നത‌് സാധാരണക്കാരും പാവപ്പെട്ടവരുമാണ‌്. അവരുടെ പ്രശ‌്നങ്ങൾ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യാനാകണം. സമയോചിതമായി കാര്യങ്ങൾ നീക്കണം. സർവീസിനു ചേരാത്ത ദുഷ‌്പ്രവണതകൾ നിർബന്ധമായും അവസാനിപ്പിക്കണം. ഒരു കാരണവശാലും അഴിമതി വച്ചുപൊറുപ്പിക്കാനാകില്ലെന്നും അഴിമതി എവിടെയെങ്കിലും ശ്രദ്ധയിൽപെട്ടാൽ അത‌് തിരുത്തിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഇക്കഴിഞ്ഞ മൂന്നു വർഷ കാലത്ത‌് സർവീസ‌് മേഖലയെ കലുഷിതമാക്കുന്ന ഒരു നടപടിയും സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. എന്നാൽ, പൊതുമേഖലാ സ്ഥാപനങ്ങളെയാകെ ദുർബലപ്പെടുത്തുന്ന നീക്കമാണ‌് കേന്ദ്ര സർക്കാരിന്‍റേത‌്. ഭരണഘടനാ സ്ഥാപനങ്ങളും വൻതോതിൽ ഭീഷണിയിലാണ‌്. സ്വകാര്യവൽക്കരണവും കോർപറേറ്റ‌് വൽക്കരണവും കഴിഞ്ഞ അഞ്ചു വർഷത്തേതിനേക്കാൾ ശക്തമാകും എന്നാണ‌് മനസിലാക്കാനാകുന്നത‌്.

തങ്ങളുടെ ആഗ്രഹാഭിലാഷങ്ങൾക്ക‌് ഒപ്പം നിൽക്കുന്ന സർക്കാരിനെ അധികാരത്തിലേറ്റാൻ കോർപറേറ്റുകൾക്ക‌് കഴിഞ്ഞു. കോർപറേറ്റുകളെ വിട്ട‌് ഒരു നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. ഈ നയത്തിന്റെ ഭാഗമായുള്ള തെറ്റായ നടപടികൾക്കെതിരെയും ജീവിക്കാൻ വേണ്ടിയുള്ള പ്രക‌്ഷോഭത്തിനും സംഘടനകൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് ഇ പ്രേംകുമാർ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K