07 June, 2019 03:56:55 PM


പാലായ്ക്കടുത്ത് അന്ത്യാളത്തു നിന്നുള്ള മെട്രോ ട്രയിൻ സർവ്വീസ് ഇന്നലെ ആരംഭിച്ചു; 47 കുരുന്നുകളുമായി




പാലാ: അന്ത്യാളം സെന്‍റ് മാത്യൂസ് എൽ.പി. സ്കൂൾ സ്റ്റേഷനിൽ നിന്നും ആരംഭിച്ച ആദ്യ സർവ്വീസിന്  "അന്ത്യാളം  മെട്രോ " മാനേജർ റവ. ഫാ. ജയിംസ് വെണ്ണായിപ്പിള്ളിൽ പച്ചക്കൊടി കാട്ടി. സിസ്റ്റർ അൽഫോൻസാ ജോർജ്, സിസ്റ്റർ അനിറ്റ് ചാമക്കാലാ, ലിസി തോമസ് എന്നിവർ നിയന്ത്രിക്കുന്ന അന്ത്യാളം  സെന്റ് മാത്യൂസ് മെട്രോയ്ക്ക്  4 ബോഗികളാണുള്ളത്; ഫസ്റ്റ് ക്ലാസ്സ് മുതൽ 4 -ാം തരം ക്ലാസ്സ് വരെയുള്ള ബോഗികൾ. 

ഫസ്റ്റ് ക്ലാസ്സിലുള്ള  16 യാത്രക്കാർ ആദ്യമായി സെന്റ് മാത്യൂസ് മെട്രോയിൽ എത്തിയവരാണ്. ആദ്യ യാത്രയുടെ ഭയവും സംഭ്രമവും കൊണ്ടാവാം യാത്രയാക്കാൻ വന്ന മാതാപിതാക്കളെ നോക്കി ചിലരൊക്കെ വിതുമ്പുന്നുണ്ടായിരുന്നു. സെക്കന്റ് ക്ലാസ്സിൽ 10 യാത്രക്കാരും തേർഡ് ക്ലാസ്സിൽ 12 യാത്രക്കാരും, നാലാം ക്ലാസ്സിൽ 9 യാത്രക്കാരുമാണുണ്ടായിരുന്നത്. 

ശനിയാഴ്ചയും  ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും അന്ത്യാളം മെട്രോ സർവ്വീസ് നടത്തില്ല. ഓണത്തിനും ക്രിസ്തുമസിനും 10 ദിവസം വീതം ട്രയിൻ റദ്ദാക്കും. അന്ത്യാളം മെട്രോയിൽ യാത്രക്കാർക്ക്, ഉച്ച ഭക്ഷണവും കുടിവെള്ളവും സൗജന്യമാണ്. യാത്രക്കാർക്ക് ഈ ട്രയിനിൽ ടിക്കറ്റ് ചാർജ് നൽകേണ്ടതില്ല. പകരം പാഠ പുസ്തകങ്ങൾ പഠിക്കണമെന്നത് ഈ മെട്രോയിൽ നിർബന്ധമാണ്. പരീക്ഷ എഴുതി മികച്ച വിജയം നേടിയാൽ സമ്മാനം ഉറപ്പ്. എന്ന് വെച്ച് എപ്പോഴും പഠിക്കേണ്ടതില്ല. കളിക്കാനും ഓടാനും ചാടാനും ഇഷ്ടം പോലെ അവസരമുണ്ട്.

സെന്റ് മാത്യൂസ് സ്റ്റേഷനിൽ നിന്ന് ദിവസവും മെട്രോ യാത്ര തിരിക്കും മുമ്പ് പ്രാർത്ഥിക്കേണ്ടവർക്ക് അതിനുള്ള സൗകര്യവുമുണ്ട്. ട്രയിൻ നിൽക്കുന്നതിന് തൊട്ടടുത്ത് വിശുദ്ധ മത്തായി ശ്ലീഹായുടെ ദേവാലയം  എല്ലാവർക്കും അനുഗ്രഹം ചൊരിഞ്ഞ് തല ഉയർത്തി നിൽപ്പുണ്ട്. 

ആധുനിക സംവിധാനത്തിൽ അന്ത്യാളം മെട്രോ രൂപകൽപ്പന ചെയ്തത് കണ്ടത്തിൽ കെ.ആർ. ബിനു, അനീഷ് ഗോപാലൻ , രാരിച്ചൻ മാതാളി പാറയിൽ, കുന്നേപ്പതി വിജയ്  എന്നിവരാണ്.  മാനേജർ ഫാ. ജയിംസ് വെണ്ണായിപ്പിള്ളിയുടെ നിർദ്ദേശപ്രകാരം പണി ഏറ്റെടുത്ത ഇവർ ഒരാഴ്ച കൊണ്ട് മെട്രോ,  സർവ്വീസിന് സജ്ജമാക്കി. ഈ വർഷത്തെ കന്നിയാത്രയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് മെട്രോ അധികാരികൾ ഒരുക്കിയത്. വർണ്ണപ്പൂക്കളും ബലൂണുകളും കൊണ്ട് ട്രയിൻ ഒരുക്കിയിരുന്നു. ഫാ. ജയിംസ് പച്ചക്കൊടി കാണിച്ചതോടെ യാത്രക്കാർ ഒന്നു മുതൽ 4 വരെ ക്ലാസ്സുകളിലേക്ക്. എല്ലാവർക്കും സേമിയാ പായസം. തുടർന്ന് ട്രയിനിൽ നടന്ന കന്നിയാത്രാ സമ്മേളനം  ഫാ. ജയിംസ് ഉദ്ഘാടനം ചെയ്തു. 

മൈക്കിൾ ജോർജ്,  അലക്സി തെങ്ങും പള്ളിക്കുന്നേൽ, സിസ്റ്റർ അൽഫോൻസാ , ലിസി തോമസ്, സിസ്റ്റർ അനിറ്റ് ചാമക്കാല, ബാബു എലിപ്പുലിക്കാട്ട്, ബേബിച്ചൻ കവിയിൽ തുടങ്ങിയവർ ആശംസകൾ നേർന്നു; യാത്രക്കാരും അവരെ യാത്രയാക്കാൻ വന്ന മാതാപിതാക്കളും ചേർന്ന് കുരവ പോലെ "ചൂളം വിളിച്ചു ", അന്ത്യാളം മെട്രോ യാത്ര തുടങ്ങി.

കന്നിയാത്ര 2 മണിക്കൂർ കൊണ്ട് അവസാനിച്ചെങ്കിലും ഇനി മുതൽ അന്ത്യാളം  മെട്രോ  6 മണിക്കൂർ തുടർച്ചയായി ഓടും.; മെട്രോ ട്രയിൻ മാതൃകയിൽ മനോഹരമാക്കിയ അന്ത്യാളം  സെൻറ് മാത്യൂസ് എൽ. പി. സ്കൂളിലെ പ്രവേശനോത്സവവും മനോഹരമായിരുന്നു !!

✍ സുനിൽ പാലാ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K