06 June, 2019 07:04:26 PM


എം.ജി. പി.ജി. ഏകജാലക പ്രവേശനം; ഒന്നാംഘട്ട അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ പേയ്‌മെന്‍റ് ഗേറ്റ്‌വേ വഴി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് ജൂൺ 10ന് വൈകീട്ട് 4.30നകം പ്രവേശനം നേടണം. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ കോളേജിൽ ഹാജരാക്കണം.

ജൂൺ 10നകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്‌മെന്റിന് പരിഗണിക്കില്ല. താല്ക്കാലിക പ്രവേശനം നേടുന്നവർ അലോട്ട്‌മെന്റ് മെമ്മോയും അസൽ രേഖകളും കോളേജിലെ പരിശോധനയ്ക്കുശേഷം തിരികെ വാങ്ങണം. ഇവർ കോളേജുകളിൽ പ്രത്യേകമായി ഫീസടയ്‌ക്കേണ്ടതില്ല. ഓൺലൈനായി നിശ്ചിത സർവകലാശാല ഫീസടയ്ക്കണം. ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തനാണെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. ജൂൺ 11ന് ഓപ്ഷൻ പുനഃക്രമീകരിക്കാം.

ഉയർന്ന ഓപ്ഷൻ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്‌മെന്റിൽ മാറ്റം വരും. ഇങ്ങനെ ലഭിക്കുന്ന അലോട്ട്‌മെന്‍റ് നിർബന്ധമായും സ്വീകരിക്കണം. ആദ്യം ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടും. മാറ്റം ലഭിക്കുന്നവർ പുതുതായി ഫീസടയ്‌ക്കേണ്ടതില്ല. ഹയർ ഓപ്ഷൻ നിലനിർത്തുന്ന അപേക്ഷകർക്ക് മൂന്നാം അലോട്ട്‌മെന്റ് വരെ താത്ക്കാലികമായി പ്രവേശനം നേടാം. ഹയർ ഓപ്ഷൻ നിലനിർത്താൻ ആഗ്രഹിക്കുന്ന അപേക്ഷകരൊഴികെയുള്ളവർ കോളേജിൽ നിശ്ചിത ട്യൂഷൻ ഫീസടച്ച് സ്ഥിരപ്രവേശനം ഉറപ്പു വരുത്തണം.

കോളേജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ പ്രവേശനത്തിനു ശേഷം കൺഫർമേഷൻ സ്ലിപ് കോളേജധികൃതരിൽ നിന്ന് വാങ്ങണം. പ്രവേശനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ച ട്യൂഷൻ ഫീസ് സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K