05 June, 2019 10:23:30 AM


ചൈനാ അതിര്‍ത്തിക്ക് സമീപം കാണാതായ വ്യോമസേന വിമാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും




കൊല്ലം: കാണാതായ വ്യോമസേന വിമാനത്തില്‍ അഞ്ചല്‍ സ്വദേശിയും. ഫ്‌ലൈറ്റ് എന്‍ജിനീയറായ ഏരൂര്‍ ആലഞ്ചേരി വിജയവിലാസത്തില്‍ അനൂപ് കുമാര്‍(29) ഉള്‍പ്പെടെ 13 സൈനികരാണ് അരുണാചല്‍ പ്രദേശില്‍ ചൈനാ അതിര്‍ത്തിക്ക് സമീപം കാണാതായ വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്നത്. അസമിലെ ജോര്‍ഹട്ടില്‍ നിന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടിലേക്ക് തിരിച്ച ആന്റോനോവ് എഎന്‍-32 എന്ന വിമാനം കാണാതാവുകയായിരുന്നു.


പതിനൊന്ന് വര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ടിച്ച് വരികയായിരുന്നു അനൂപ്. ഒന്നരമാസം മുമ്പാണ് അനൂപ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്. അനൂപിന്റെ ബന്ധുക്കള്‍ അസമിലേക്ക് തിരിച്ചിട്ടുണ്ട്. വൃന്ദയാണ് ഭാര്യ. ആറ് മാസം പ്രായമുള്ള കുട്ടിയുണ്ട്.


അതേസമയം വിമാനത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്. ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങളും നാവികസേന ചാരവിമാനവും തിരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്, റിസാറ്റ് ഉപഗ്രഹങ്ങളാണ് ചിരച്ചിലിനായി ഉപയോഗിക്കുന്നത്. വ്യോമസേനയുടെ സുഖോയ് വിമാനങ്ങളും സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങളും കരസേനയുടെ ഹെലികോപ്റ്ററുകളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K