24 May, 2019 10:37:13 PM


പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെച്ചു: പുതിയ സര്‍ക്കാര്‍ 30ന് ? അമിത്ഷായും മന്ത്രി ആയേക്കും



ദില്ലി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ 30ന് സത്യപ്രതിജ്ഞ ചെയ്തേക്കും. സര്‍ക്കാരിന്‍റെ അവസാന കേന്ദ്ര മന്ത്രിസഭാ യോഗം ദില്ലിയില്‍ പൂര്‍ത്തിയായി. അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയ്ക്ക് തന്‍റെ രാജിക്കത്ത് കൈമാറി. രാഷ്ട്രപതി  പ്രധാനമന്ത്രിയുടെ രാജി അംഗീകരിച്ചു. നാളെയോ മറ്റന്നാളോ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം മോദിയെ നേതാവായി തെരഞ്ഞെടുക്കും. 26ന് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദവുമായി  രാഷ്ട്രപതിയെ വീണ്ടും കാണും. 


വലിയ വിജയത്തിന് ശേഷം മോദിയുടെ ഇന്നത്തെ ആദ്യനീക്കം മുതിര്‍ന്ന നേതാക്കളായ എ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ കാണുകയായിരുന്നു. മോദിക്കൊപ്പം അമിത്ഷായും എത്തി. അദ്വാനിയുടെയും ജോഷിയുടെയും കാൽതൊട്ട് വന്ദിച്ചു. ഇവരാണ് ബിജെപിയെ വളര്‍ത്തിയതെന്ന് പിന്നീട് ട്വീറ്റ് ചെയ്തു.  29ന് കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദര്‍ശനം. 29ന് അഹമ്മദാബാദിൽ എത്തി അമ്മയെ കണ്ട് ആശിര്‍വാദം വാങ്ങും. 


2014ൽ സാര്‍ക്ക് രാഷ്ട്രതലവന്മാരുടെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. അതുപോലെ തന്നെ ലോക നേതാക്കളുടെ വലിയ സാന്നിധ്യം മോദിയുടെ രണ്ടാം വരവിൽ ഉണ്ടാകുമെന്നാണ് സൂചന. ഗുജറാത്തിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച അമിത്ഷാ മന്ത്രിസഭയിൽ രണ്ടാമനാകും എന്ന ചർച്ചകളും സജീവമാണ്. എന്നാൽ അമിത്ഷാ ബിജെപി അദ്ധ്യക്ഷനായി തന്നെ തുടരുമെന്ന സൂചനകളും ഉണ്ട്. അമിത്ഷാ മന്ത്രിസഭയുടെ ഭാഗമാകില്ലെങ്കിൽ രാജ്നാഥ് സിംഗ് തന്നെയാകും ആഭ്യന്തര മന്ത്രി.


ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന അരുണ്‍ ജെയ്റ്റ്ലി പുതിയ മന്ത്രിസഭയിൽ ഉണ്ടായേക്കില്ല. ജെയ്റ്റ്ലിയില്ലെങ്കിൽ പിയൂഷ് ഗോയലാകും ധനമന്ത്രി. നിതിന്‍ ഗഡ്ഗരിക്ക് വലിയ പദവി നൽകണം എന്ന നിര്‍ദ്ദേശം ആര്‍എസ്എസ് മുന്നോട്ടുവെച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി എന്ന നിലയിൽ മികച്ച പ്രകടനമാണ് സുഷമസ്വരാജ് നടത്തിയത്. സുഷമ സ്വരാജ് തുടരാനുള്ള സാധ്യതയുണ്ടെങ്കിലും അവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്.  


കേരളത്തിൽ നിന്ന് അൽഫോണ്‍സ് കണ്ണന്താനം, കുമ്മനം രാജശേഖരൻ, വി മുരളീധരൻ എന്നീ പേരുകളാണ് അഭ്യൂഹങ്ങളിലുള്ളത്. പശ്ചിമബംഗാൾ, ഒഡീഷ, കര്‍ണ്ണാടക സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യം നൽകും. എൻഡിഎ ഘടകകക്ഷികൾക്ക് അര്‍ഹമായ പരിഗണന നൽകുമെന്ന് അമിത്ഷാ സൂചിപ്പിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K