17 May, 2019 08:55:03 PM


ഓപ്പറേഷൻ റെയിൻബോ : സ്കൂളുകൾക്കായി മഴക്കാല മുന്നൊരുക്കം 20ന് ആരംഭിക്കും



 

കോട്ടയം: പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്കായുള്ള യാത്ര സംവിധാനം കുറ്റമറ്റതും കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന സേവനതാൽപര്യത്തോടെ കോട്ടയം ജില്ലാ പോലീസ് ഓപ്പറേഷൻ റെയിൻബോ എന്ന പദ്ധതിയുമായി രംഗത്ത്. 


വരുന്ന മൺസൂണിൽ കുട്ടികൾ  100% സുരക്ഷിതരായി സ്കൂളിൽ എത്തുകയും തിരികെ വീട്ടിലെത്തുകയും ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുവാൻ ആവശ്യമായ മുൻകരുതലുകള്‍ എടുക്കുക എന്നതാണ് പ്രാഥമികലക്ഷ്യം. സ്കൂൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമത, യന്ത്രക്ഷമത, വാഹന രേഖകളുടെ സാധുത, ഡ്രൈവർമാരുടെ നേത്രപരിശോധന, ബോധവൽക്കരണം, പാംഫ് ലെറ്റ് വിതരണം, റെയിൻബോ സ്റ്റിക്കർ പതിക്കൽ തുടങ്ങിയ വിവിധ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച പത്തുമണിക്ക് കോട്ടയം എം.ടി. സെമിനാരി സ്കൂളിൽ കൊച്ചി റേഞ്ച് ഐജി പി വിജയ് സാഖ്റെ നിർവഹിക്കുന്നു. ജില്ലാ പോലീസ് മേധാവി ഹരിശങ്കർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ പി.കെ.സുധീർബാബു മുഖ്യപ്രഭാഷണം നടത്തും.


പദ്ധതിയുടെ പ്രാരംഭഘട്ടമെന്നോണം നേത്ര രോഗ വിദഗ്ധരുടെ സഹകരണത്തോടെ  കോട്ടയം പോലീസ് സബ്ഡിവിഷനിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ സ്കൂൾ ബസ്സ് ഡ്രൈവര്‍മാരുടെ നേത്രപരിശോധനയ്ക്കു പുറമെ, സ്കൂൾ ബസുകളുടെ പ്രവർത്തനക്ഷമത കോട്ടയം പോലീസ് ഗ്രൗണ്ടിൽ വച്ചും എം.ടി സെമിനാരി സ്കൂൾ ഗ്രൗണ്ടിൽ വച്ചും ഉറപ്പു വരുത്തുന്നതായിരിക്കും. സുരക്ഷ പരിശോധന പാസ്സാകുന്ന ബസുകൾക്കു റെയിൻബോ സ്റ്റിക്കർ പതിച്ചു നൽകുന്ന ചടങ്ങും നടക്കുന്നതായിരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K