17 May, 2019 02:03:23 PM


വാടക തുക നല്‍കിയില്ല, നികുതി അടച്ചില്ല; കെ.എസ്.ആര്‍.ടി.സി വൈദ്യുത ബസുകള്‍ സര്‍വീസ് നിര്‍ത്തി



തിരുവനന്തപുരം: വാടകത്തുക നല്‍കാത്തത് കാരണം കെ.എസ്.ആര്‍.ടി.സിയുടെ വൈദ്യുത ബസുകള്‍ സര്‍വീസ് നിര്‍ത്തി. നികുതി അടയ്ക്കേണ്ട സമയപരിധി മാര്‍ച്ച്‌ 15ന് കഴിഞ്ഞെന്നും ആയതിനാല്‍ ബസുകള്‍ സര്‍വീസിന് നല്‍കാനാകില്ലെന്നും കാണിച്ച്‌ കരാര്‍ കമ്പനി കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് കത്ത് നല്‍കി.


പത്ത് വൈദ്യുതബസുകളാണ് കെ.എസ്.ആര്‍.ടി.സി വാടകയ്ക്കെടുത്തത്. ഇതില്‍ ആദ്യം എടുത്ത അഞ്ചു ബസുകളുടെ 75 ശതമാനം വീതം വാടക ദിവസവരുമാനത്തില്‍ നിന്ന് നല്‍കുന്നുണ്ട്. ബാക്കി ഇരുപത്തിയഞ്ച് ശതമാനം പതിനഞ്ച് ദിവസം കൂടുമ്ബോള്‍ നല്‍കാമെന്നായിരുന്നു കരാര്‍. ഇത് നല്‍കിയിട്ടില്ല. മൂന്നു മാസമായി അഞ്ചു ബസുകളുടെ വാടകയായി ഒരു പൈസ പോലും നല്‍കിയിട്ടില്ലെന്നാണ് കമ്പനിയുടെ പരാതി. ഇത് കാരണം നികുതി അടയ്ക്കാന്‍പോലും പണമില്ലെന്നും ആയതിനാല്‍ ഇനി മുതല്‍ ബസ് സര്‍വീസിന് നല്‍കാന്‍ ആകില്ലെന്നുമാണ് മുംബൈ ആസ്ഥാനമായ കരാര്‍ കമ്പനിയുടെ പ്രതിനിധികള്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.


എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസുകള്‍ ഉച്ചയ്ക്ക് ശേഷം സര്‍വീസ്‌ നടത്തിയിട്ടില്ല. നികുതി അടയ്ക്കേണ്ട സമയപരിധി മാര്‍ച്ച്‌ 15ന് കഴിഞ്ഞെന്നും കത്തില്‍ പറയുന്നു. കോണ്‍ട്രാക്‌ട് കാര്യേജ് പെര്‍മിറ്റില്‍ ഓടുന്നവയായതിനാല്‍ മൂന്നു മാസം കൂടുമ്പോള്‍ റോഡ് ടാക്സ് അടയ്ക്കണമെന്നാണ് നിയമം. കിലോമീറ്ററിന് 43.20 പൈസ നിരക്കില്‍ ഒരു ദിവസം ബസൊന്നിന്18144 രൂപയാണ് വാടകയായി നല്‍കേണ്ടത്. ഏപ്രിലില്‍ മാത്രം വൈദ്യുത ബസ് സര്‍വീസ് നടത്തിയ വകയില്‍ 15 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം വന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K