13 May, 2019 07:49:58 AM


ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനാക്കാന്‍ നീക്കം; പാര്‍ട്ടി പിളരാന്‍ സാധ്യതയെന്ന് നേതാക്കള്‍



കോട്ടയം: കേരളാ കോണ്‍ഗ്രസ് ചെയർമാനായി ജോസ് കെ മാണിയെ അവരോധിക്കാനുള്ള നീക്കത്തിനെതിരെ മാണി വിഭാഗത്തിൽ തന്നെ എതിർപ്പ് രൂക്ഷമാകുന്നു. ജോയി എബ്രാഹം ഉൾപ്പടെയുള്ള നേതാക്കൾ ജോസ് കെ മാണിയെ അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാക്കുന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകണമെന്ന നിർദ്ദേശമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു.

ജില്ലാപ്രസിഡന്‍റുമാരെ മുന്നിൽ നിർ‍ത്തി പാർട്ടി പിടിക്കാനുള്ള മാണിവിഭാഗത്തിന്‍റെ പരസ്യമായ ഗ്രൂപ്പ് പ്രവർത്തനം വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പാർട്ടി വൈസ് ചെയർമാന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഇപ്പോഴത്തെ നീക്കം പാർട്ടിയെ പിളർത്തുമെന്ന് ജോയി എബ്രഹാം ജില്ലാ പ്രസിഡന്‍റുമാരോട് പറ‌ഞ്ഞതായാണ് സൂചന.  സി എഫ് തോമസിനെ കണ്ട നേതാക്കൾ മുൻ എംപി ജോയി എബ്രാഹാമിനെയും കണ്ടിരുന്നു. 

പാർലമെന്‍ററി പാർട്ടിയിൽ മാണി വിഭാഗത്തിന് ഭൂരിപക്ഷമില്ലാത്തതിനാലാണ് സംസ്ഥാനകമ്മിറ്റിയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ മാണി വിഭാഗം നീക്കം നടത്തുന്നതത്രേ. എന്നാൽ മാണി വിഭാഗത്തിലെ തിരുവന്തപുരം കൊല്ലം മലപ്പുറം ജില്ലാ പ്രസിഡന്‍റുമാർ ജോസ് കെ മാണിയെ കാണാൻ ഇന്നലെ എത്തിയിരുന്നില്ല. ബാക്കി ഏഴ് പേരിൽ ചിലരും ജോസഫിനെ വിളിച്ച് നീക്കത്തെ എതിർക്കുന്നതായി അറിയിച്ചുവെന്നാണ് സുചന. ഈ രീതിയിലാണ് മുന്നോട്ട് പോക്കെങ്കില്‍ പാർട്ടി രണ്ടാകുമെന്ന വിലയിരുത്തല്‍ പങ്കുവയ്ക്കുന്ന നേതാക്കളും കുറവല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K