07 May, 2019 12:58:04 AM


സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി ബയോമെട്രിക് പഞ്ചിങ്: ഉത്തരവിറങ്ങി




തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് ആധാര്‍ അധിഷ്ഠിത ബയോമെട്രിക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഭരണനവീകരണത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ഓഫീസുകളിലേയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും കൃത്യനിഷ്ടത ഉറപ്പുവരുത്തുന്നതിനുമായി എല്ലാ സര്‍ക്കാര്‍ ഓഫീസിലും പഞ്ചിങ് സിസ്റ്റം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. എല്ലാ വകുപ്പുകളിലും ആറു മാസത്തിനകവും സിവില്‍ സ്റ്റേഷനില്‍ മൂന്നു മാസത്തിനകവും ശമ്പള വിതരണ സോഫ്റ്റുവെയറുമായി ബന്ധപ്പെടുത്തി പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. അതോടെ അഞ്ചുലക്ഷത്തോളം ജീവനക്കാര്‍ പഞ്ചിങ് സംവിധാനത്തിനു കീഴിലാകും.


എല്ലാത്തരം ജീവനക്കാരെയും പഞ്ചിങ് സംവിധാനത്തിലുള്‍പ്പെടുത്താനാണ് തീരുമാനം. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംവിധാനം മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭാസ സ്ഥാപനങ്ങളിലും ആറു മാസത്തിനകം ആധാര്‍ അധിഷ്ടിത ബോയെമെട്രിക് സംവിധാനം സ്ഥാപിക്കണം. ഓണ്‍ലൈന്‍ സംവിധാനം നിലവിലില്ലാത്ത ഓഫീസുകളില്‍ ബയോമെട്രിക് മെഷീനുകള്‍ വാങ്ങി മേലധികാരികള്‍ ജീവനക്കാരുടെ ഹാജര്‍ നിരീക്ഷിക്കണം. വകുപ്പുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ബയോമെട്രിക്ക് മെഷീനുകള്‍ നേരിട്ടോ കെല്‍ട്രോണ്‍ മുഖേനയോ വാങ്ങി സ്ഥാപിക്കാമെന്നും ഇതിനുള്ള ചെലവ് അതാത് വകുപ്പുകള്‍ ബജറ്റ് വിഹിതത്തില്‍ നിന്ന് എടുക്കണമെന്നും ഉത്തരവില്‍ പൊതുഭരണ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.


ഐ.ടി മിഷനാണ് സംസ്ഥാന വ്യപകമായി പഞ്ചിങ് മെഷിനുകള്‍ സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ളത്. സംവിധാനം നടപ്പിലാക്കേണ്ടതിന്റെ ഉത്തരവാദിത്തം വകുപ്പ് സെക്രട്ടറിമാര്‍ക്കും മേധാവിഖല്‍ക്കുമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നിലവില്‍ സെക്രട്ടറിയേറ്റ് അടക്കമുള്ള പ്രധാന ഓഫീസുകളില്‍ മാത്രമാണ് പഞ്ചിങ് മെഷീനെ ശമ്പള വിതരണ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിരിക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K