09 April, 2019 05:09:37 PM


കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണി എം എൽ എ അന്തരിച്ചു



കൊച്ചി: കേരളാ കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം.മാണി എം എൽ എ (86) അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം ത്തിന്റെ അന്ത്യം വൈകീട്ട് 4.57നായിരുന്നു. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു. 


കഴിഞ്ഞ വെള്ളിയാഴ്ച ആണ് മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില അല്പം മെച്ചപ്പെട്ടിരുന്നു. എന്നാൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറഞ്ഞ് നില ഗുരുതരമായി. ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കെ എം മാണി പങ്കെടുത്തിരുന്നില്ല.


ഏറ്റവുമധികം മന്ത്രിസഭകളില്‍ അംഗമായിരുന്ന നേതാവ്, ഏറ്റവുമധിക കാലം ധനമന്ത്രി പദവി വഹിച്ചയാള്‍, ഏറ്റവുമധികം ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി തുടങ്ങി വിവിധ റെക്കോര്‍ഡുകള്‍ക്ക് ഉടമാണ് കെ.എം മാണി. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ തൊമ്മന്‍ മാണി-ഏലിയാമ്മ ദമ്പതികളുടെ മകനായി 1933 ജനുവരി 30നാണ് മാണിയുടെ ജനനം. തൃശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്, മദ്രാസ് ലോകോളജ് എന്നിവടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അഭിഭാഷകനായി പ്രാകീടീസ് ചെയ്യവെ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ എത്തി.


അറുപതുകളില്‍ കോട്ടയം ഡി.സി.സി സെക്രട്ടറിയായിരുന്നു. 1964ല്‍ കെ.എം ജോര്‍ജും പി.ടി ചാക്കോയും ചേര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപീകരിച്ചതോടെ മാണി കേരള കോണ്‍ഗ്രസിന്റെ ഭാഗമായി. പിന്നീട് പല വിഭാഗങ്ങളായി വളര്‍ന്നും പിളര്‍ന്നും പല ഗ്രൂപ്പുകളായി ഭിന്നിച്ച പാര്‍ട്ടിയില്‍ കേരള കോണ്‍ഗ്രസ് (എം)-ന്റെ അമരക്കാരനായി. 1965ല്‍ ആദ്യമായി പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയില്‍ എത്തി. തുടര്‍ന്ന് നടന്ന 12 തിരഞ്ഞെടുപ്പുകളിലും കെ.എം മാണി പാലായുടെ ജനപ്രതിനിധിയായി.


1975ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി. പിന്നീട് വിവിധ മന്ത്രിസഭകളിലായി ധനം, റവന്യൂ, നിയമം, ആഭ്യന്തരം തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിയായി. 1979ല്‍ പി.കെ.വിയുടെ രാജിയെ തുടര്‍ന്ന് മാണിക്ക് മുഖ്യമന്ത്രിയാകാന്‍ അവസരം കൈവന്നുവെങ്കിലും കപ്പിനും ചുണ്ടിനുമിടയില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. 1977-78ല്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നുവെങ്കിലും അതേ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നു. 2015ല്‍ ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് 2015ലും മാണിക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K