02 April, 2019 08:51:34 PM


പോലീസുകാരന്‍റെ നെഞ്ചത്ത് ചവിട്ടുന്ന മോഹന്‍ലാല്‍: ലൂസിഫറിന്‍റെ പരസ്യത്തിനെതിരെ പ്രതിഷേധം ആളുന്നു

പരസ്യത്തിലുള്ള പ്രതിഷേധവുമായി പോലീസ്കാരന്‍ മലയാള മനോരമ പത്രം കത്തിക്കുന്ന വീഡിയോ വൈറലാവുന്നു


തിരുവനന്തപുരം: ഏപ്രില്‍ രണ്ടിന് മലയാള മനോരമ പത്രത്തിൽ വന്ന ലൂസിഫർ എന്ന സിനിമയുടെ പരസ്യത്തിനെതിരെ കേരള പോലീസ് അസോസിയേഷൻ രംഗത്ത്. പോലീസുകാരന്‍റെ നെഞ്ചത്ത് ചവിട്ടുന്ന മോഹന്‍ലാലിന്‍റെ ചിത്രത്തോടു കൂടിയ പരസ്യം സമൂഹത്തിന് അപകടകരമായ സന്ദേശമാണ് നല്‍കുന്നതെന്ന് ചൂണ്ടികാട്ടിയാണ് അസോസിയേഷന്‍റെ പ്രതിഷേധം. ഇത്തരം പരസ്യങ്ങൾ ആവർത്തിക്കാതെ ഇരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്കും, സംസ്ഥാന പോലീസ് മേധാവിക്കും. സെൻസർ ബോർഡിനും പരാതി നൽകി.



സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന തലവാചകത്തോടൊപ്പമുള്ളതാണ് മനോരമയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച് പരസ്യം എന്ന് പോലീസ് അസോസിയേഷന്‍ ചൂണ്ടികാട്ടുന്നു. പോലീസിനെ മന:പൂര്‍വ്വം ആക്രമിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. കൊടും ക്രിമിനലുകളായിരുന്നു പണ്ട് പോലീസിനെ ആക്രമിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത്തരം ആക്രമണങ്ങളില്‍ സാധാരണക്കാരായ യുവാക്കള്‍ക്കും പങ്കുണ്ട്. ഇതിന് പ്രേരണ നല്‍കുന്നതില്‍ സിനിമ പോലുള്ള മാധ്യമങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. ഈ സാഹചര്യത്തിലാണ് ഈ പരസ്യം എന്നുള്ളത് അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.


സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ഒരു നടന്‍ പോലീസുദ്യോഗസ്ഥനെ ആക്രമിക്കുന്ന ഇത്തരം പരസ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നിയമം നടപ്പാക്കാന്‍ ഇറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടേണ്ടതാണ് എന്ന ചിന്ത പൊതുജനങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നു എന്നും പരാതിയില്‍ ചൂണ്ടികാട്ടുന്നു. സിനിമകളില്‍ കഥാപാത്രങ്ങള്‍ ലഹരി ഉപയോഗിക്കുമ്പോഴും ഹെല്‍മറ്റോ സീറ്റുബെല്‍റ്റോ ധരിക്കാതെ വാഹനങ്ങള്‍ ഓടിക്കുമ്പോഴും കാണിക്കുന്ന മുന്നറിയിപ്പ് പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുമ്പോഴുള്ള സീനുകളിലും കാണിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ പരസ്യത്തില്‍ ഉള്‍കൊള്ളിക്കുന്നത് കുറ്റകരമാക്കിയതുപോലെ തന്നെ പോലീസിനെതിരെയുള്ള ആക്രമണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതും കുറ്റകരമാക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.


ചിത്രം കാണാതെ പുറത്തുനില്‍ക്കുന്ന ക്രിമിനലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവരില്‍ ഒളിഞ്ഞിരിക്കുന്ന കുറ്റകൃത്യ വാസനകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുവാനേ ഇത്തരം പരസ്യങ്ങള്‍ ഉപകരിക്കൂ എന്നും ഇവര്‍ പറയുന്നു. ഇതിനിടെ മോഹന്‍ലാല്‍ പോലീസുകാരന്‍റെ നെഞ്ചില്‍ ചവിട്ടുന്ന പരസ്യത്തില്‍ കലി പൂണ്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്‍റെ പ്രതിഷേധം അറിയിച്ച് പരസ്യത്തിലെ മോഹന്‍ലാല്‍ ചിത്രത്തില്‍ ബൂട്ട് ഇട്ട് ചവിട്ടുന്നതും പത്രം കത്തിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K