03 March, 2019 10:10:09 AM


കെഎസ്ആർടിസിയുടെ പേര് നഷ്ടപ്പെടുത്തി; ഉത്തരം നല്‍കാത്തതിന് നടപടിക്കൊരുങ്ങി വിവരാവകാശ കമ്മിഷൻ



കൊച്ചി: 'കെ എസ് ആർ ടി സി' എന്ന പേര് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കൃത്യമായ മറുപടി നൽകാത്തതിന് നടപടി സ്വീകരിക്കാൻ വിവരാവകാശ കമ്മിഷൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി കമ്മീഷൻ കെ എസ് ആർ ടി സിക്ക് നോട്ടീസ് അയച്ചു. അഡ്വ. ഡി ബി ബിനു വിവരാവകാശ നിയമപ്രകാരം നൽകിയ അപ്പീലിലാണ് നടപടി.


1965 മുതൽ കേരളം ഉപയോഗിച്ച് വന്നിരുന്ന പേര് അഞ്ച് വർഷം മുമ്പ് കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോ‍ർപ്പറേഷൻ കേന്ദ്ര ട്രേഡ് മാർക്ക് രജിസ്ട്രേഷൻ വകുപ്പിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്ന് കർണാടകത്തിലേക്ക് സർവീസ് നടത്തുന്ന ബസ്സുകളിൽ നിന്നും കെഎസ്ആർടിസി എന്ന് എഴുതിയിരുന്നത് മാറ്റുകയും ചെയ്തു. ബ്രാൻഡ് നെയിം യഥാസമയം രജിസ്റ്റർ ചെയ്യാതിരുന്ന ഉദ്യോഗസ്ഥർക്ക് എതിരെ സ്വീകരിച്ച നടപടി ഉൾപ്പെടയുള്ള മൂന്നു കാര്യങ്ങൾക്കാണ് വിവരാവകാശ നിയമ പ്രകാരം മറുപടി ആവശ്യപ്പെട്ടത്. എന്നാൽ വിവരം നൽകാനാവില്ലെന്ന് കെഎസ്ആർടിസി മറുപടി നൽകി.


ഇത് തൃപ്തികരമല്ലാത്ത മറുപടിയാല്ലെന്ന് വിലയിരുത്തിയാണ് വിവരാവകാശ നിയമത്തിന്‍റെ സെക്ഷൻ 20 അനുസരിച്ച് പിഴ ഈടാക്കുന്നതടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ തീരുമാനിച്ചത്. കെഎസ്ആർ‍ടിസി നൽകുന്ന മറുപടി പരിഗണിച്ച ശേഷമായിരിക്കും വിവരാവകാശ കമ്മീഷൻ തുടർ നടപടികൾ സ്വീകരിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K