20 February, 2019 05:50:29 PM


റിസോർട്ടില്‍ എംഎൽഎമാരുടെ കയ്യാങ്കളി; കോൺഗ്രസ് എംഎൽഎ ജെഎൻ ഗണേഷ് അറസ്റ്റിൽ



ബംഗളുരു: കർണാടകത്തിൽ എം എൽ എ ആനന്ദ് സിംഗിനെ മർദിച്ച കേസിൽ കോൺഗ്രസ്‌ എം എൽ എ ജെ എൻ ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.  ബിഡദിയിൽ കോൺഗ്രസ്‌ എം എൽ എമാരെ താമസിപ്പിച്ചിരുന്ന  റിസോർട്ടിൽ വെച്ച് ജെഎൻ ഗണേഷ്  ആനന്ദ് സിംഗിനെ മർദിച്ചുവെന്നാണ് കേസ്.  ആനന്ദ് സംഗിന്‍റെ പരാതിയിൽ  ഗണേഷിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു.


സംഭവത്തിന്‌ ശേഷം ഒരു മാസത്തോളമായി ഗണേഷ് ഒളിവിലായിരുന്നു. ഇതോടെ അറസ്റ്റ് വൈകുകയായിരുന്നു. കർണാടകത്തിലെ രാഷ്ട്രീയ നാടകങ്ങൾക്കിടെയാണ് റിസോർട്ടിൽ താമസിക്കുകയായിരുന്ന കോൺഗ്രസ് എം എൽ എമാരായ ജെ എൻ ഗണേഷും ആനന്ദ് സിംഗും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. വാക്കേറ്റത്തിനിടെ ജെ എൻ ഗണേഷ് ബിയർ കുപ്പിയെടുത്ത്  ആനന്ദ് സിംഗിന്‍റെ തലയ്ക്കടിക്കുകയായിരുന്നു.


ഗണേഷ് ബിജെപിയുമായി  സഹകരിക്കുന്നു എന്ന ആനന്ദ് സിംഗിന്‍റെ ആരോപണത്തെത്തുടർന്നാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായതെന്നായിരുന്നു അഭ്യൂഹങ്ങൾ. മർദനത്തെ തുടർന്ന് ആനന്ദ് സിംഗ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന വാദവുമായി കോൺഗ്രസ്‌ രംഗത്തെത്തിയിരുന്നു. നെഞ്ചുവേദനയെത്തുടർന്നാണ് ആനന്ദ് സിംഗ് ചികിത്സ തേടിയതെന്നും എം എൽ എമാർ തമ്മിൽ യാതൊരു വിഭാഗീയതയുമില്ലെന്നാണ് കോൺഗ്രസ് അന്ന് പറഞ്ഞത്. ‌  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K