22 September, 2017 08:45:25 PM


ഏറ്റുമാനൂരിലെ ഏഴരപൊന്നാനകള്‍: പരിശോധനാസംഘം ഒക്ടോബര്‍ 2ന് എത്തും




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപൊന്നാനകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് മുന്നോടിയായി പ്രത്യേക സംഘം പരിശോധനയ്ക്കെത്തും. ദേവസ്വം ഓംബുഡ്സ്മാന്‍, ദേവസ്വം കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, തന്ത്രി, ദേവസ്വം വിജിലന്‍സ് എസ്പി തുടങ്ങിയവരടങ്ങിയ സംഘം ഒക്ടോബര്‍ രണ്ടിന് പരിശോധനയ്ക്ക് എത്തുമെന്നാണ് അറിയുന്നതെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു.
 
ഏഴരപൊന്നാനകള്‍ക്കും തങ്കതിടമ്പ്, ശ്രീബലി വിഗ്രഹം എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും കേടുപാടുകള്‍ തീര്‍ക്കണമെന്നും തന്ത്രിയും ക്ഷേത്രം അധികൃതരും ആവശ്യപ്പെട്ടതായി കാട്ടി അഡ്വക്കേറ്റ് കമ്മീഷണര്‍ എ.എസ്.പി.കുറുപ്പ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

വര്‍ഷത്തിലൊരിക്കല്‍ മാത്രം ഭക്തര്‍ക്ക് ദര്‍ശനസായൂജ്യമേകുന്ന ഏഴരപൊന്നാനകള്‍ പ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണം പൊതിഞ്ഞതാണ്. രണ്ട് അടി പൊക്കമുള്ള ഏഴ് ആനകളും ഒരടി പൊക്കമുള്ള അരയാനയും ചേര്‍ന്നതാണ് ഏഴരപൊന്നാനകള്‍. 5000 തോല (58 കിലോഗ്രാം) സ്വര്‍ണ്ണം ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഏഴരപൊന്നാനകള്‍ ഐരാവതം, പുണ്ഡരീകം, കന്മുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വ്വഭൗമന്‍, വാമനന്‍ എന്നീ അഷ്ടദിക്ഗജങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.  വാമനന്‍ ചെറുതായിനാല്‍ അര പൊന്നാനയാക്കി.

ഏഴരപൊന്നാനകള്‍ ഏറ്റുമാനൂരില്‍ എത്തിയതിനെപറ്റി പല ഐതിഹ്യങ്ങളുണ്ടെങ്കിലും പ്രധാനമായുമുള്ളത് ഇതാണ്. 1729-58 കാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് ഏഴരപൊന്നാനകളെ നടയ്ക്കുവെക്കുവാന്‍ തീരുമാനിച്ചത്. ഇദ്ദേഹത്തിന്‍റെ കാലത്ത് പണി തുടങ്ങിയ ആനകളുടെ നിര്‍മ്മാണം പൂര്‍ത്തിയായത് ഇദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ കാര്‍ത്തിക തിരുനാളിന്‍റെ കാലത്താണ്. എന്നാല്‍ ഇദ്ദേഹം ആനകളെ വൈക്കം മാഹാദേവക്ഷേത്രത്തില്‍ നടയ്ക്കുവെക്കാന്‍ തീരുമാനിക്കുകയും ജലമാര്‍ഗ്ഗം വൈക്കത്തേക്ക് പോകവെ വഞ്ചി കാന്തശക്തിയാലെന്ന പോലെ ഏറ്റുമാനൂരിനടുത്ത് കരയ്ക്കടുക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

എട്ടാം ഉത്സവത്തിന് രാത്രി പന്ത്രണ്ട് മണിക്ക് ആസ്ഥാനമണ്ഡപത്തിലെ എഴുന്നള്ളിപ്പിനും ആറാട്ട് ദിവസം പേരൂര്‍കവലയില്‍ നിന്ന് സ്വീകരിക്കാനും മാത്രമാണ് ഏഴരപൊന്നാനകളെ പുറത്തെടുക്കുക. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഏഴരപൊന്നാനയുടെ പേരിനു പെരുമയ്ക്കും യാതൊരു കുറവും സംഭവിച്ചിട്ടില്ല. ഇതിനിടെയാണ് അടുത്ത ഉത്സവത്തിന് മുമ്പ് ക്ഷേത്രത്തിലെ ഈ അമൂല്യനിധിയുടെ കേടുപാടുകള്‍ തീര്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K