01 June, 2017 02:19:14 PM


ശബരിമല ധ്വജപ്രതിഷ്ഠ ജൂണ്‍ 25ന്, വാജിവാഹന ഘോഷയാത്ര 4ന്




കോട്ടയം: ശബരിമലയില്‍ സ്വര്‍ണ്ണ കൊടിമരത്തിന്‍റെ പുന: പ്രതിഷ്ഠ ജൂണ്‍ 25ന് നടക്കും. കൊടിമരത്തിന്‍റെ മുകളില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള വാജി വാഹനത്തിന്‍റെയും (കുതിര) ചുവട്ടില്‍ സ്ഥാപിക്കുന്നതിനുള്ള അഷ്ടദിക്ക് പാലകരുടെയും ശില്‍പ്പങ്ങള്‍ ജൂണ്‍ നാലിന് രഥഘോഷയാത്രയായി കൊണ്ടുപോകും. പരുമല അനന്തന്‍ ആചാരിയാണ് ശില്പങ്ങള്‍ പഞ്ചലോഹത്തില്‍ നിര്‍മ്മിച്ചത്. 

ഞായറാഴ്ച രാവിലെ 8ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ കെ.രാഘവന്‍, അജയ് തറയില്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തുന്നതോടെ പരുമലയില്‍നിന്ന് ഘോഷയാത്ര പുറപ്പെടും. വഴിനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 11ന് തിരുനക്കര ക്ഷേത്രത്തില്‍ എത്തും. 12ന് നാഗമ്പടം, കുമാരനല്ലൂര്‍ എന്നിവിടങ്ങളിലും ഒരു മണിക്ക് ഏറ്റുമാനൂരിലും എത്തുന്ന രഥഘോഷയാത്രയ്ക്ക്  വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 


ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍. പീതാംബരക്കുറുപ്പ് വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി വിജയബോധാനന്ദ, കെ.സുരേഷ് കുറുപ്പ് എം.എല്‍.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ താലപ്പൊലി, വാദ്യഘോഷങ്ങള്‍, നാമസങ്കീര്‍ത്തനം എന്നിവയോടെ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലേക്ക് ആനയിക്കും. 2ന് കിടങ്ങൂര്‍, കടപ്പാട്ടുര്‍, ചിറക്കടവ് വഴി 5.30 ന് എരുമേലിയിലും 7.30 ന് നിലക്കലും 8.30 ന് പമ്പയിലും എത്തിച്ചേരും. പമ്പയില്‍ വച്ച് ശില്പങ്ങളില്‍ സ്വര്‍ണ്ണം പൂശും. 2016 ആഗസ്റ്റ് 26-ന് ഏറ്റുമാനൂരില്‍ നടന്ന ദേവസ്വം ബോര്‍ഡ് യോഗമാണ് ശബരിമലയിലെ കൊടിമരം പുന പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K