06 May, 2017 01:08:10 PM


വി എസ്സിനെ വിളിക്കൂ! ഇടതുപക്ഷ സർക്കാരിനെ രക്ഷിക്കൂ!!



സംസ്ഥാന പോലീസ് മേധാവിയുടെ പുനർ നിയമനവുമായി ബന്ധപ്പെട്ട് ഇവിടെ നിലനിന്നിരുന്ന കോലാഹലങ്ങൾക്കു കോടതിവിധിയുടെ ഫലമായി അവസാനമായെന്നു കരുതാം.

ഒഴിവാക്കിയ തസ്തികയിൽ പരാതിക്കാരനെ നിയമിക്കണമെന്ന കോടതി ഉത്തരവിൽ വ്യക്തത പോരെന്നു കരുതി സമീപിച്ചപ്പോഴാണ് കോടതി കടുത്ത ഭാഷയിൽ സർക്കാരിനെ വിമർശിച്ചത്. വിമർശനമല്ല  അത് നിരീക്ഷണമാണെന്നൊക്കെപ്പറഞ്ഞു തടിതപ്പാമെങ്കിലും കാൽ ലക്ഷം രൂപയുടെ പിഴ എന്തിനെന്നു വ്യക്തമാക്കേണ്ടി വരും.


സർക്കാർ കോടതിവിധി നടപ്പാക്കിയില്ലെങ്കിൽ അതെങ്ങനെ നടപ്പാക്കണമെന്ന് തങ്ങൾക്കറിയാം എന്നുകൂടി പരമോന്നത കോടതി വ്യക്തമാക്കിയപ്പോൾ മുഖ്യമന്ത്രിക്കും സർക്കാരിനും എല്ലാ കാര്യങ്ങളിലും വ്യക്തത കിട്ടിയിട്ടുണ്ടെന്ന് അനുമാനിക്കാം.


വൈരനിര്യാതനബുദ്ധിയോടെയാണ് മുഖ്യമന്ത്രി കാര്യങ്ങൾ നീക്കുന്നത്. അതിനു വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്.


കോടതിവിധി നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്നു കാട്ടി പരാതിക്കാരൻ നൽകിയ ഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ കോടതിവിധി ഇന്നലെത്തന്നെ സന്ധ്യയോടെ മാനിച്ച് മുഖ്യമന്ത്രി ഒപ്പുവയ്‌ക്കേണ്ടി വന്നു.


ഇന്നിപ്പോൾ എല്ലാവരും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നുണ്ട്. മുഖത്തുകിട്ടിയത് അടിയല്ല, തലോടലാണെന്നു സ്ഥാപിക്കുന്ന ഭാസുരേന്ദ്രബാബുവിനെപ്പോലുള്ള ബുദ്ധിജീവികളാണ് മുഖ്യമന്ത്രിയെ ഇത്രത്തോളം നാറ്റിച്ചത്. ഇനിയെങ്കിലും അതൊക്ക തിരിച്ചറിഞ്ഞാൽ കൊള്ളാം. അതോ അക്കാര്യത്തിലും വ്യക്തത വേണോ?


ഇത്തരുണത്തിൽ, 'ഇരട്ടച്ചങ്കനെന്നു ' വിളിപ്പേരുള്ള മുഖ്യമന്ത്രി സ്വയം ഒഴിയുകയാണ് വേണ്ടത്. സെൻകുമാറിന്റെ നിയമനം ശരിയല്ലെന്നു തികഞ്ഞ ബോധ്യമുള്ള മുഖ്യമന്ത്രി ഒപ്പിടാതെ രാജിവയ്ക്കണമായിരുന്നു. എങ്കിൽ ആ നിലപാട് അദ്ദേഹത്തിലെ കരുത്തനെ നിലനിർത്തുന്നതായിരുന്നേനേ. ഇതിപ്പോൾ അധികാരമോഹിയാണെന്ന പേര് സമ്പാദിക്കാനേ ഉപകരിക്കൂ. മാത്രമല്ല, തനിക്കുമേൽ വിജയം സമ്പാദിച്ചു വന്നിരിക്കുന്ന കീഴുദ്യോഗസ്ഥനെ അംഗീകരിക്കേണ്ട ഗതികേടും  'ഇരട്ടച്ചങ്ക'നെന്ന പേരിനു ഭൂഷണമാവില്ല.


കഴിഞ്ഞ നിയമസഭാകാലത്തു വി എസ്സ്. സഭയിൽ പ്രസംഗിച്ചത് മാണിയും കൂട്ടരും കടുത്ത നരകത്തിൽ വീഴുമെന്നാണ്.. ഇപ്പോൾ സി പി എമ്മിനോട് പ്രാദേശികമായി കൂട്ടുകൂടിയ മാണി വീഴാൻ പോകുന്ന നരകമാക്കി സി പി എമ്മിനെ മാറ്റാനേ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് കഴിയൂ.


ഒരുപദേശകനുമില്ലാതെ, അഞ്ചുവർഷം വലിയ തെറ്റൊന്നുമില്ലാതെ ഭരിച്ച വി എസ്സിനെ വിളിച്ചു സർക്കാരിനെയും സി പി എമ്മിനെയും രക്ഷിക്കണമെന്ന മുറവിളികളാണ് ഓരോ ഇടതുപക്ഷ പ്രവർത്തകന്റെയും ഹൃദയത്തിൽ നിന്ന് 'മൗന'ത്തിന്റെ ഭാഷയിൽ ഉയരുന്നത്. അത് കേട്ടില്ലെന്നു നടിച്ചാൽ സർവ്വനാശമാകും ഫലം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K