06 May, 2017 07:57:11 AM


രക്ഷകനായി സൂപ്പര്‍താരം മെസി എത്തുന്നു; അര്‍ജന്‍റീനയ്ക്ക് ആശ്വാസം



ബ്യൂണസ് ഐറീസ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ തപ്പിത്തടയുന്ന അര്‍ജന്റീനയെ രക്ഷിക്കാന്‍ മെസ്സി ഇറങ്ങും. ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അസിസ്റ്റന്റ് റഫറിയോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് മെസ്സിയ്ക്ക് നാലു രാജ്യാന്തര മത്സരങ്ങളില്‍ വിലക്കും 10,200 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തിയ നടപടി ഫിഫ പിന്‍വലിച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അപ്പീല്‍ പരിഗണിച്ചാണ് ഫിഫ അച്ചടക്ക നടപടിയില്‍ അയവു വരുത്തിയത്. മെസ്സിയുടെ നടപടി തെറ്റായിരുന്നെങ്കിലും അത് സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്ന് ഫിഫ വ്യക്തമാക്കി.


മാര്‍ച്ചില്‍ ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അസിസ്റ്റന്റ് റഫറി എമേഴ്‌സണ്‍ കര്‍വാലോയോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് മെസ്സിയെ വിലക്കാനും 10,200 ഡോളര്‍ പിഴ ഈടാക്കാനും ഫിഫ അച്ചടക്ക സമിതി വിധിച്ചത്. മത്സരത്തില്‍ അര്‍ജന്റീന 1-0ന് ജയിച്ചിരുന്നു. എന്നാല്‍ മെസ്സിയുടെ ഭാഗത്ത് തെറ്റുണ്ടായിരുന്നില്ലെന്ന് തെളിയിക്കാന്‍ മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കമാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഫിഫയ്ക്ക് അപ്പീല്‍ നല്‍കിയത്. ഇത് കൂടി പരിഗണിച്ചാണ് ഫിഫയുടെ നടപടി.


ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയ്ക്കെതിരെ മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന 2-0ന് തോറ്റിരുന്നു. ഇതോടെ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത തന്നെ പ്രതിസന്ധിയിലായിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ അര്‍ജന്റീന. ആദ്യ നാലു സാഥാനക്കാര്‍ക്ക് മാത്രമെ റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനാവു.


ഇനി നാല് മത്സരങ്ങള്‍ കൂടിയാണ് അര്‍ജന്റീനയ്ക്ക് ശേഷിക്കുന്നത്. ഈ നാല് മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ പോയിന്റ് പട്ടികയില്‍ ആദ്യ നാല് ടീമുകളില്‍ ഒന്നായി അര്‍ജന്റീനയ്ക്ക് ഫൈനല്‍ റൗണ്ടിലേയ്ക്ക് നേരിട്ട് യോഗ്യത നേടാനാവൂ. ഇല്ലെങ്കില്‍ ഓഷ്യാനാ മേഖലയിലെ ടീമിനെതിരെ പ്ലേ ഓഫ് കളിക്കണം. ഈ കടമ്പ കടക്കാനായില്ലെങ്കില്‍ ഇത്തവണത്തെ ലോകകപ്പിന് അര്‍ജന്റീനയുണ്ടാവില്ല. ഓഗസ്റ്റ് 31ന് മോണ്ടെവിഡിയോയില്‍ ഉറുഗ്വായ്‌ക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K