12 April, 2017 03:45:52 PM


ഊതിവീർപ്പിച്ച ബലൂണു പോലൊരു മുഖ്യമന്ത്രി! പൊട്ടുന്നതു നോക്കി നാട്ടുകാരും!!




മഹിജാകുടുംബത്തിന്‍റെ സമരം പര്യവസാനിച്ചപ്പോൾ ഭൂമി മലയാളത്തിനു മുകളിൽ ഒരു ചോദ്യചിഹ്നം ആയിരം പത്തി വിരിച്ചു നിൽക്കുകയാണ്. അത് മറ്റാരുടേയുമല്ല, മുഖ്യമന്ത്രിയുടേതാണ്.. സമരം കൊണ്ട് അവർ എന്തുനേടി? ഇതാണാ ചോദ്യം!!

ഈ ബാലിശമായ ചോദ്യം കേൾക്കുമ്പോൾ ഓർമ്മ വരുന്നത് മറ്റൊന്നാണ്.. ഒരു കുട്ടി കളിക്കിടയിൽ  കിണറ്റിൽ വീഴുന്നു. അതിന്റെ അമ്മ കിണറ്റിലിറങ്ങി രക്ഷിക്കാൻ തുനിയുന്നു. ഉത്തരവാദപ്പെട്ടവർ കരയിൽ നിന്ന് അമ്മയെ പിന്തിരിപ്പിക്കുന്നു. ഞങ്ങൾ രക്ഷിക്കാമെന്ന വാക്കു വിശ്വസിച്ച്‌ അമ്മ കരയിൽ കയറുമ്പോൾ ഉത്തവാദപ്പെട്ടവർ ചോദിക്കുന്നു - നീ കിണറ്റിലിറങ്ങിയിട്ട്  എന്ത് നേടി ?

ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യ ആണെന്നാണ് ആദ്യമൊക്കെ കേട്ടത്. പിന്നീടാണ് ഇടിമുറിയും കൊലപാതകവുമൊക്കെ ഉയർന്നു വരുന്നത്. കമ്മ്യുണിസ്റ്റ് ഭരണത്തിൽ കമ്മ്യുണിസ്റ്റ് കുടുംബത്തിന്‍റെ ആവശ്യങ്ങൾ നിറവേറുന്നില്ല എന്ന ആരോപണത്തിൽ നിന്നാണ് പുതിയൊരു അന്വേഷണ സംഘം രൂപീകരിക്കപ്പെട്ടത്. ആദ്യ സംഘം അന്വേഷിച്ചു നശിപ്പിച്ച തെളിവുകൾ കിട്ടും കിട്ടും എന്നൊക്കെയാണ് ചാനൽ ചർച്ചാ വിശാരദന്മാർ ആവർത്തിക്കുന്നത്! വിശ്വസനീയ തെളിവുകളുടെ അഭാവം മൂലം എല്ലാ പ്രതികൾക്കും മുൻ‌കൂർ ജാമ്യം കിട്ടി. അവരെ ചോദ്യo ചെയ്യുന്നതിന് ഇനി പരിമിതികളുണ്ട്. 

90 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ സർക്കാരിനു കഴിഞ്ഞില്ല. അവരെ കോൺഗ്രസ്സുകാർ സംരക്ഷിക്കുകയാണെന്നും വിട്ടുതരണമെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു വിലപിക്കുന്നു. അഞ്ചിന ആവശ്യങ്ങൾ ഉന്നയിച്ചു സമരത്തിന് മഹിജ തീരുമാനിക്കുന്നു. അപ്പോഴും അവർ സി പി എമ്മിനോ മുഖ്യമന്ത്രിക്കോ സർക്കാരിനോ എതിരായി ഒരക്ഷരം പറഞ്ഞില്ല, ഇപ്പോഴും പറയുന്നില്ല. 

അവരുടെ ആരോപണം പോലീസിനെതിരാണ്. പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന് പറയുമ്പോൾ, പൊലീസിന് വീഴ്ചപറ്റി, എന്നാവർത്തിക്കുന്ന മുഖ്യമന്ത്രി നടപടിയെടുക്കുന്നില്ല. അതിൽ പ്രതിഷേധിച്ചാണ് മഹിജയും കുടുംബവും വടകരയിൽ നിന്ന് വണ്ടി കയറാൻ ഒരുങ്ങിയത്. അപ്പോൾ അധികാരികൾ ഒരാഴ്ച സമയം ചോദിച്ചു. അങ്ങനെ ഒരാഴ്ച വൈകിയാണ് മഹിജ തിരുവനന്തപുരത്തെത്തുന്നത്. 

അവർ 14 പേരുണ്ടായിരുന്നു. ഡി ജി പി യുമായി കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചിട്ടാണ് അവർ 'തന്ത്രപ്രധാന'മായ ആ 'തിരുമുറ്റത്ത്' എത്തുന്നത്. മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലോ സെക്രട്ടേറിയറ്റിനു മുന്നിലോ സമരം ഇരിക്കാനല്ല അവർ വന്നത്. ഡിജി പി യെ കാണാൻ വന്നവരെ തടഞ്ഞതുകൊണ്ടാണ് അവർക്കു അവിടെ നിൽക്കേണ്ടി വന്നത്. അങ്ങനെയാണ് ആ സ്ഥലത്തു ഒരു ഉപരോധത്തിന്‍റെ പ്രതീതി ഉണ്ടായത്.

ആ 14 പേരെ ( അവർ വടകരയിൽനിന്നുള്ള യാത്രാടിക്കറ്റ് കാണിച്ചതാണ്) അകത്തു കയറ്റുകയും 7 പേരെ സ്വീകരണ മുറിയിൽ പത്രം നോക്കിയും ടി വി കണ്ടും ഇരിക്കാൻ സ്നേഹപൂർവ്വം നിർബന്ധിച്ചും (ആതിഥ്യമര്യാദയാൽ ചായ സൽക്കാരവും ആകാം) മഹിജ ഉൾപ്പെടെ 7 പേരെ ഡി ജി പിക്കു മുന്നിലേയ്ക്ക് കടത്തി വിട്ടിരുന്നെങ്കിൽ !! എങ്കിൽ ഭരണക്കാരുടെ തനിനിറം അറിയാൻ കഴിയുമായിരുന്നില്ല, അത് വേറെ കാര്യം. 

കൂടാതെ മഹിജയെക്കുറിച്ചു മന്ത്രിയുടെ ലൈംഗികച്ചുവയുള്ള  ജൽപ്പനങ്ങൾ. പറഞ്ഞതും കേട്ടതുമൊക്കെ സിപി എം കാരായതിനാൽ പ്രശ്നമുണ്ടായില്ല. കോൺഗ്രസ്സ്, ബിജെപി ക്കാരികളെ കുറിച്ചായിരുന്നെങ്കിൽ ആ മന്ത്രിയുടെ പണി എപ്പോൾ തെറിച്ചെന്നു കരുതിയാൽ മതി. ഇപ്പോൾ അന്വേഷണ൦ നടക്കുന്നത് ജിഷ്ണു കേസിലാണോ മഹിജാ കേസിലാണോ എന്ന് പോലും നാട്ടുകാർക്കറിയില്ല. നരസിംഹറാവുവിനെപ്പോലെ മൗന൦ പ്രത്യയശാസ്ത്രമാക്കുന്ന മുഖ്യമന്ത്രി പല കാര്യങ്ങളിലും മറുപടി പറയേണ്ടതുണ്ട്. 

പ്രതിപക്ഷത്തിന് മാത്രമല്ല കമ്മ്യുണിസ്റ്കാർക്ക് വരെ പ്രതിഷേധമുള്ള പോലീസ് നടപടികൾ എന്തിനായിരുന്നു? വി എസ് അച്യുതാനന്ദൻ  ഡി ജിപിയെ ഫോണിൽ ശാസിച്ചതെന്തിനാണ്?  മഹിജയ്ക്കു അനുവാദം കൊടുത്ത ദിവസം തന്നെ തോക്കു സ്വാമിക്കും അനുവാദം കൊടുത്തതെന്തിന്? ഷാജർഖാനെ മർദ്ദിക്കരുതെന്നു പറഞ്ഞ ഷാജഹാനെ അറസ്റ്റു ചെയ്തതെന്തിന്? ഗുരുതരമായ വകുപ്പുകൾ ചുമത്തിയതെന്തിന്? ഷാജഹാൻ ഉൾപ്പെടെയുള്ളവരെ പത്തേ മുക്കാലിന് ജീപ്പിൽ കയറ്റി നഗരപ്രദക്ഷിണംവച്ചശേഷം വൈകിട്ട് ഏഴു മണിക്കുമാത്രം അറസ്റ്റുചെയ്തതെന്തിന്?  സമരക്കാരുടെ ഫോണുകൾ പോലീസ് സ്റ്റേഷനിൽ പിടിച്ചുവച്ചിട്ട്, ആ ഫോൺ ശ്രീജിത്തിന്‍റെ കയ്യിലായിരുന്നു എന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞത് എന്തിന്? മഹിജയുടെ സമരം അനാവശ്യമായിരുന്നെങ്കിൽ കാനവും യെച്ചൂരിയും സി പി ഉദയഭാനുവുമൊക്കെ ഇടപെട്ടതെന്തിന്? കരാർ ഉണ്ടാക്കിയതെന്തിന്? എല്ലാം ശരിയാക്കാം എന്ന് മഹിജയെ വിളിച്ചു പറഞ്ഞാൽ തീരുമായിരുന്ന പ്രശ്നം തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞതെന്തിന്? ഇപ്പോൾ ഉപദേശകനായി രമൺ ശ്രീവാസ്തവയെ നിയമിച്ചതെന്തിന്?

ഈ സർക്കാരിന്റെ വിലയിരുത്തലെന്നു പാർട്ടി സെക്രട്ടറിയും അല്ലെന്നു മന്ത്രിമാരും പറയുന്ന ഒരു ഉപതെരഞ്ഞെടുപ്പിന്‍റെ തലേന്ന് അനാവശ്യമായിരുന്നില്ലേ, "സമരം കൊണ്ട് അവർ എന്തുനേടി ?" എന്ന ചോദ്യം ? 

സമരം കൊണ്ട് അവർ നേടിയത് അഞ്ചിന ആവശ്യങ്ങളിൽ ആദ്യത്തേതാണ്. പ്രതികളേതാണ്ടെല്ലാവരും തന്നെ പിടിക്കപ്പെട്ടു (മുൻ‌കൂർ ജാമ്യം നേടിയെങ്കിലും). കക്ഷിഭേദമെന്യേ കേരളജനതയുടെ പിന്തുണ ഉറപ്പാക്കി ...




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K