21 January, 2016 03:39:46 PM


ജലഗതാഗതവകുപ്പിന്റെ സ്‌റ്റീല്‍ ബോട്ടുകള്‍ തുരുമ്പെടുത്തു നശിക്കുന്നു

ആലപ്പുഴ: സുരക്ഷയ്‌ക്കെന്ന പേരില്‍ പുറത്തിറക്കിയ ജലഗതാഗതവകുപ്പിന്റെ സ്‌റ്റീല്‍ ബോട്ടുകള്‍ പലതും തുരുമ്പെടുത്തു നശിക്കുന്നു.
ബോട്ട്‌ നീറ്റിലിറക്കി വര്‍ഷങ്ങളായിട്ടും പെയിന്റിങ്‌ നടത്തുകയോ കാര്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യുകയോ ചെയ്യാത്തതാണ്‌ ഇതിന്‌ കാരണം.

കുമരകം ദുരന്തത്തിന്‌ ശേഷമാണ്‌ തടിബോട്ടുകള്‍ ഉപേക്ഷിച്ച്‌ സ്‌റ്റീല്‍ ബോട്ടുകള്‍ ധാരാളമായി ഇറക്കിയത്‌. എന്നാല്‍ ഇവയ്‌ക്ക്‌ വേഗത കുറവും ഇന്ധന ഉപയോഗം വളരെ കൂടുതലുമാണ്‌. സ്‌ഥിരം യാത്രക്കാര്‍ക്ക്‌ വേഗതകുറവായതിനാല്‍ സ്‌റ്റീല്‍ ബോട്ടുകളോട്‌ താല്‌പര്യകുറവുമാണ്‌. 

കുമരകം മുഹമ്മ റൂട്ടുകളിലടക്കം ഉപയോഗിക്കുന്ന ബോട്ടുകളെക്കുറിച്ചാണ്‌ പരാതികള്‍ വ്യാപകമായി ഉയരുന്നത്‌. ചീപ്പുങ്കല്‍ - മണിയാപറമ്പ്‌ റൂട്ടില്‍ ഓടുന്ന എസ്‌ 47 ബോട്ടാണ്‌ ഏറ്റവും കാലപ്പഴക്കമേറിയത്‌. കായലില്‍ കൂടി കണ്ണങ്കരയ്‌ക്കു സര്‍വീസ്‌ നടത്തിക്കൊണ്ടിരുന്ന ബോട്ടാണിത്‌. കായലില്‍ പോള തിങ്ങിയതോടെ കണ്ണങ്കരയ്‌ക്കുള്ള സര്‍വീസ്‌ നിര്‍ത്തി. പോള മാറിയാല്‍ വീണ്ടും കായല്‍ വഴി സര്‍വീസ്‌ നടത്തിത്തുടങ്ങും. തടിബോട്ടാണ്‌ ഈ റൂട്ടില്‍ നേരത്തേ സര്‍വീസ്‌ നടത്തിയിരുന്നത്‌. ഇതു മാറ്റി സ്‌റ്റീല്‍ ബോട്ട്‌ സര്‍വീസിനിടുകയായിരുന്നു.
കുമരകം - മുഹമ്മ ജലപാതയില്‍ സര്‍വീസ്‌ നടത്തുന്നതും രണ്ടു സ്‌റ്റീല്‍ ബോട്ടുകളാണ്‌. ബോട്ട്‌ കേടായി കായലില്‍ ഒഴുകിനടന്ന സംഭവങ്ങള്‍ പല തവണയുണ്ടായിട്ടുണ്ട്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K