04 April, 2017 12:30:10 PM


നവ സ്വകാര്യ ബാങ്കുകൾ 10,000 രൂപ മിനിമം ബാലൻസിന് നിർബന്ധിക്കുന്നതായി ആക്ഷേപം.



തൃശൂർ: 10,000 രൂപ വരെ അക്കൗണ്ടിൽ മിനിമം ബാലൻസ് വേണമെന്ന് ചില നവ സ്വകാര്യ ബാങ്കുകൾ നിർബന്ധിക്കുന്നതായി  ആക്ഷേപം. പൊതുമേഖല ബാങ്കുകളെക്കാൾ ഇടപാടുകാർ കുറവുള്ള നവ സ്വകാര്യ ബാങ്കുകൾ  ഇടപാടുകൾ വൻകിട ഉപഭോക്താക്കൾക്ക് മാത്രമായി  പരിമിതപ്പെടുത്തുന്നതിെൻറ ഭാഗമായാണ് വ്യവസ്ഥയെന്നും  ചൂണ്ടിക്കാണിക്കപ്പെടുന്നു.


സർവിസ് ചാർജുകൾ ഉയർത്താനും  മിനിമം ബാലൻസ് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ  ലംഘിക്കുന്നവർക്ക് പിഴ ചുമത്താനും എസ്.ബി.എെ കൈക്കൊണ്ട തീരുമാനം,  പഴയ എസ്.ബി.ടി ഇടപാടുകാർക്ക്  ഇൗമാസം 24 മുതലാണ്  ബാധകമാവുകയെന്ന് എസ്.ബി.എെ വൃത്തങ്ങൾ അറിയിച്ചു. എസ്.ബി.ടി  ഉൾപ്പെടെ അഞ്ച് സ്റ്റേറ്റ് ബാങ്കുകളും  ഭാരതീയ മഹിള ബാങ്കും ഏപ്രിൽ ഒന്നിന് എസ്.ബി.എെയിൽ ലയിപ്പിച്ചെങ്കിലും ഇടപാടുകാരുമായി ബന്ധപ്പെട്ട  കണക്കുകളും മറ്റും ലയിപ്പിക്കാൻ  മൂന്നാഴ്ച വേണം. അതുകഴിഞ്ഞ്, 24  മുതൽ എസ്.ബി.എെയുടെ  നിബന്ധനകൾ പഴയ എസ്.ബി.ടി  ഇടപാടുകാർക്ക് ബാധകമാകും.


മിനിമം ബാലൻസ് എല്ലാ മാസവും കണക്കാക്കും. അതൊരു യാന്ത്രിക പ്രക്രിയയാണ്. മാസാവസാനം മിനിമം  ബാലൻസ് ഇല്ലെങ്കിൽ പിഴയൊടുക്കേണ്ടി വരും. എസ്.ബി.എെ സേവനങ്ങൾക്ക് പണവും പിഴയും ഏർപ്പെടുത്തിയത് മറ്റ് ബാങ്കുകൾക്കും പ്രോത്സാഹനമാകുമെന്ന ആശങ്ക ബാങ്കിങ് രംഗത്തെ സംഘടനകൾ പങ്കുവെക്കുന്നുണ്ട്. എസ്.ബി.എെ  മാതൃക പിന്തുടർന്ന് മറ്റ് ബാങ്കുകൾക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്. റിസർവ് ബാങ്ക് കർശന നിർദേശങ്ങൾ  പുറപ്പെടുവിക്കാത്തപക്ഷം സമീപ ഭാവിയിൽ എല്ലാ ബാങ്കുകളും വൻ തുക സേവനത്തിന് ഇൗടാക്കുമെന്ന് സംഘടനാ നേതാക്കൾ പറയുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K