21 February, 2017 03:31:23 PM


റിലയന്‍സ് ജിയോ വെൽക്കം ഓഫർ ഒരു വർഷത്തേക്കു കൂടി നീട്ടി



മുംബൈ: റിലയന്‍സ് ജിയോയുടെ അൺലിമിറ്റഡ് വെല്‍ക്കം ഓഫര്‍ ഒരു വർഷത്തേക്കു നീട്ടി. 2017 മാർച്ച് 31 വരെ കാലാവധിയുണ്ടായിരുന്ന ഓഫര്‍ 2018 മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. നിലവിലുള്ള വരിക്കാർക്കും പുതുതായി ചേരുന്നവർക്കും ആനുകൂല്യം ലഭിക്കും. ജിയോ ഡേറ്റ, വോയിസ്, വിഡിയോ, മറ്റ് ആപ്ലിക്കേഷനുകൾ എന്നിവയാണ് സൗജന്യമായി ലഭിക്കുക.


ഇന്ത്യൻ ടെലികോം രംഗത്ത് റിലയൻസ് ജിയോ സൃഷ്ടിച്ച ഓളത്തിൽ പിടിച്ചുനിൽക്കാൻ മറ്റു കമ്പനികൾ പെടാപ്പാടു പെടുമ്പോഴാണ് ഇന്റർനെറ്റും മെസേജും കോളുകളും സൗജന്യമായി നൽകുന്ന വെൽക്കം ഓഫർ നീട്ടാനുള്ള തീരുമാനം. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് വരിക്കാർക്ക് ഏറെ ആഹ്ലാദകരമായ ഈ വാർത്ത പ്രഖ്യാപിച്ചത്. ദിവസവും ഉപയോഗിക്കാവുന്ന ഡേറ്റ നിരക്ക് ഒരു ജിബി ആണ്. ഇതിനു ശേഷം വേഗം 128 കെപിബിഎസ് ആകും. ഒരു ജിബിയിൽ കൂടുതൽ ഉപയോഗിക്കേണ്ടവർക്കായി ആകർഷകമായ വ്യവസ്ഥകളും ഓഫറിലുണ്ട്.


ഇതുവരെ 1,71,000 കോടി രൂപ നിക്ഷേപമിറക്കിക്കഴിഞ്ഞ ജിയോയുടെ നെറ്റ്‌വർക്ക് വിപുലപ്പെടുത്താൻ 30,000 കോടി രൂപ കൂടി ചെലവഴിക്കാൻ ഏതാനും ദിവസം മുൻപ് കമ്പനി തീരുമാനമെടുത്തിരുന്നു. ഇതോടെ ചിലയിടങ്ങളി‍ൽ ഡേറ്റ സ്പീഡ് കുറയുന്നുവെന്ന പരാതിയും പരിഹരിക്കപ്പെടുമെന്നാണു കമ്പനിയുടെ വാദം. വിലക്കുറവുള്ള 4ജി ഫോണുകളും ഉടൻ പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു


100 മില്യൺ ഉപഭോക്താക്കളെന്ന ചരിത്രനേട്ടവും റിലയൻസ് ജിയോ പിന്നിട്ടതായി മുകേഷ് അംബാനി പറഞ്ഞു. കേവലം 170 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം. ജിയോ സമൂഹത്തിലെ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ് ഈ നേട്ടമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. സുസ്ഥിര തൊഴിൽദിനങ്ങൾ ഉറപ്പാക്കാൻ റിലയൻസ് ജിയോക്ക് സാധിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തിനാകെ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിയോയെ വിശ്വസിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും മുകേഷ് അംബാനി പറഞ്ഞു.


ഡിജിറ്റൽ ജീവിതത്തിന്റെ ഓക്സിജൻ തന്നെ ഇന്റർനെറ്റാണ്. ലോകത്ത് മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ നിലവിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് മുകേഷ് അംബാനി ചൂണ്ടിക്കാട്ടി. ജിയോ ഉപയോഗിച്ചു മാത്രം മൊബൈലിലൂടെ പ്രതിദിനം വിഡിയോ കാണുന്ന സമയം 5.5 കോടി മണിക്കൂറാണ്. ഒാരോ ദിവസം കഴിയുന്തോറും നെറ്റ്‍വർക്ക് കൂടുതൽ ശക്തമാക്കാനാണ് റിലയൻസ് ജിയോ ശ്രമിക്കുന്നതെന്നും മുകേഷ് അംബാനി അറിയിച്ചു. ഒരോ സെക്കന്റിലും ഏഴു പുതിയ ഉപഭോക്താക്കൾ റിലയൻസ് ജിയോയിലേക്കു വരുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K