15 February, 2017 03:08:09 PM


നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് കളിക്കളത്തിലേക്ക് ഇറങ്ങുന്നു




കൊച്ചി: ആജീവനാന്ത വിലക്ക് നേരിടേണ്ടിവന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കളികളത്തിലേക്ക് ഇറങ്ങുകയാണ്. ബിസിസിഐയുടെ ഭാഗത്തുനിന്നും യാതൊരു അറിയിപ്പും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 19ന് എറണാകുളം ക്രിക്കറ്റ് ക്ലബ്ബിനായി ഫസ്റ്റ് ഡിവിഷനിലെ ലീഗ് മത്സരത്തില്‍ കളിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു.



താന്‍ തിഹാര്‍ ജയിലിലായിരുന്നപ്പോള്‍ സസ്പെന്‍ഷന്‍ അറിയിച്ചുള്ള ഒരു കത്ത് മാത്രമാണ് ലഭിച്ചത്. സസ്പെന്‍ഷന്‍ കത്തിന് 90 ദിവസത്തെ കാലാവധി മാത്രമാണുള്ളത്. ഇതുവരെ ബിസിസിഐയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ കളിക്കാതെ കാത്തിരുന്നത് വിഡ്ഢിത്തമായിരുന്നു. തനിക്കും എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയുടെ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു.തന്നെ കളിപ്പിക്കുകയാണെങ്കില്‍ ക്ലബ്ബിനെ വിലക്കാനുള്ള അവകാശം ബിസിസിഐക്കില്ലെന്നും തന്റെ വിലക്ക് ഔദ്യോഗികമായി അറിയിക്കാത്തിടത്തോളം കാലം ന്യായം തന്റെ കൂടെയാണെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 19ന് എല്ലാം വിചാരിച്ച പോലെ നടക്കുകയാണെങ്കില്‍ സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ശ്രീശാന്ത് പങ്കുവെച്ചു.ഫെബ്രുവരി 19ന് ഞാന്‍ കളിച്ചാല്‍ അടുത്ത ഫ്ളൈറ്റില്‍ തന്നെ ഗ്ലെന്‍ റോത്തെന്‍സിന് വേണ്ടി കളിക്കാനായി സ്കോട്ട്ലന്‍ഡിലേക്ക് പറക്കും. ക്രിക്കറ്റ് കരിയറില്‍ തനിക്ക് നാലോ അഞ്ചോ വര്‍ഷം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അത് ഉപയോഗപ്പെടുത്തുമെന്നും ശ്രീശാന്ത് പറഞ്ഞു.

2007 ലെ ട്വന്റി 20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ശ്രീശാന്ത്. 2013ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിച്ചുവെന്ന ആരോപണത്തില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ശ്രീശാന്തിന് ബിസിസിഐ ആജീവാനന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. താരത്തിനെതിരെ വിലക്കില്ലെന്ന് കോടതി പറഞ്ഞിട്ടും വിലക്ക് നീങ്ങിയിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K