14 January, 2017 10:49:13 AM


ശബരിമലയില്‍ ഇന്ന് മകരവിളക്ക് തെളിയും



ശബരിമല: മകര സംക്രമസന്ധ്യയില്‍ ഭക്തലക്ഷങ്ങളുടെ മനസ്സില്‍ നിര്‍വൃതി നിറക്കുന്ന മകരജ്യോതി ദര്‍ശനം ശനിയാഴ്ച. രാവിലെ മുതല്‍ ദര്‍ശനപുണ്യം നുകരാനും ജ്യോതി ദര്‍ശിക്കാനുമായി ലക്ഷോപലക്ഷം ഭക്തരാണ് സന്നിധാനത്തും പരിസരത്തും തടിച്ചുകൂടിയിരിക്കുന്നത്. വൈകിട്ട് ആറരയോടെയാണ് ദീപാരാധന. ഇതിനുശേഷം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും.


കഴിഞ്ഞ രണ്ടു ദിവസങ്ങളായി സന്നിധാനത്തത്തെുന്ന തീര്‍ഥാടകര്‍ മകരജ്യോതി ദര്‍ശനത്തിനായി വിവിധയിടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. ശരണമന്ത്രങ്ങളാല്‍ സന്നിധാനം ഭക്തിസാന്ദ്രമാണ്. ശനിയാഴ്ച രാവിലെ 7.40ന് മകരസംക്രമ പൂജ നടക്കും. ഇതിനു മുന്നോടിയായി ഉഷപൂജ ചടങ്ങുകള്‍ 6.45ന് ആരംഭിക്കും. പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം ആറോടെ ശരംകുത്തിയിലത്തെും. ദേവസ്വം അധികൃതരുടെ നേതൃത്വത്തില്‍ തിരുവാഭരണം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.


തിരുവാഭരണം ചാര്‍ത്തി ദീപാരാധനക്ക് നട തുറക്കുന്നതിനു തൊട്ടുപിന്നാലെ ഭക്തര്‍ക്ക് നിര്‍വൃതിയായി മകരനക്ഷത്രവും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. ശുദ്ധിക്രിയകള്‍ വെള്ളിയാഴ്ച പൂര്‍ത്തിയായി. തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരുക്കം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K