03 January, 2017 10:19:42 AM


ശമ്പളവും പെൻഷനും ഇന്നു മുതൽ ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തും



തിരുവനന്തപുരം: രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്നു മുതൽ ജീവനക്കാർക്ക് പുതുവർഷത്തിലെ ശമ്പളവും പെൻഷനും വിതരണം ചെയ്ത് തുടങ്ങും. മുഴുവൻ പണവും ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. മൂന്ന് ദിവസത്തേക്ക് വേണ്ട പണം ബാങ്കിലും ട്രഷറിയിലും നീക്കിയിരുപ്പുണ്ടെന്നാണ് കണക്കുകൂട്ടൽ. സർക്കാർ മേഖലയിൽ 3600 കോടി രൂപയും, സ്വകാര്യ മേഖലയിൽ മൂവായിരം കോടിയോളവുമാണ് ആവശ്യം.


ഡിസംബർ 30ന് റിസർവ് ബാങ്ക് അനുവദിച്ച 400 കോടിയടക്കം, എസ്ബിടിയിൽ 1400 കോടി രൂപ നീക്കിയിരുപ്പുണ്ട്. ട്രഷറിയിൽ 660 കോടിയിലേറെയും ബാക്കിയുണ്ട്. മൂന്ന് ദിവസത്തേക്ക് വിതരണം ചെയ്യാൻ ഈ തുക മതിയാകുമെന്നാണ് കണക്കുകൂട്ടൽ. ശമ്പളവും പെൻഷനും കൃത്യമായി അക്കൗണ്ടുകളിൽ എത്തുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. പക്ഷേ എത്രരൂപ പിൻവലിക്കാനാകും എന്ന കാര്യത്തിൽ സർക്കാരിന് ഉറപ്പുപറയാനാകില്ല.


മധ്യകേരളത്തിൽ ചിലയിടത്തും വടക്കൻ കേരളത്തിലും കറൻസി ക്ഷാമം രൂക്ഷമാണ്. പലയിടത്തും പിൻവലിക്കൽ പരിധി 10,000 രൂപയാക്കി കുറച്ചു.  40 ശതമാനം എടിഎമ്മുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നില്ല. 500 രൂപ നോട്ടുകൾ ആവശ്യത്തിന് എത്താത്തതിനാൽ ചില്ലറ ക്ഷാമവും രൂക്ഷമാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K