18 December, 2016 07:55:19 AM


ഇരുനൂറോളം എസ്.ബി.ടി ശാഖകളുടെ പേര് മാറുന്നു; ഇനി എസ്.ബി.ഐ-6



തിരുവനന്തപുരം: ലയനനീക്കത്തിന്‍െറ ഭാഗമായി ഇരുനൂറോളം എസ്.ബി.ടി ശാഖകളുടെ പുനര്‍നാമകരണ നിര്‍ദേശവുമായി സര്‍ക്കുലര്‍ ഇറങ്ങി. നിലവില്‍ എസ്.ബി.ഐയും എസ്.ബി.ടിയും പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെ എസ്.ബി.ടി ശാഖകള്‍ക്ക് എസ്.ബി.ഐ-6 (എസ്.ബി.ഐ-സിക്സ്) എന്ന് പേര് മാറ്റാനാണ് തീരുമാനം. ഇതുസംബന്ധിച്ച എസ്.ബി.ഐ സര്‍ക്കുലര്‍ എസ്.ബി.ടി ഹെഡ് ഓഫിസ് വഴി സോണലുകളില്‍ കഴിഞ്ഞ ദിവസമെത്തിച്ചു.


പേരിനൊപ്പമുള്ള '6' എന്തിനെ സൂചിപ്പിക്കുന്നെന്ന് വ്യക്തമല്ല. ബോര്‍ഡ് മാറ്റുന്നതിന്  കരാര്‍ നല്‍കാനും സോണലുകള്‍ക്ക് നിര്‍ദേശമുണ്ട്. ഏതൊക്കെ ഭാഷകളില്‍ പേര് എഴുതണമെന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കുലറിലുണ്ട്. നാലുമാസമാണ് കരാര്‍ കാലാവധി. അതേസമയം, ലയനപ്രഖ്യാപനം നടന്നാല്‍ ഏഴ് ദിവസത്തിനുള്ളില്‍ പുതിയ ബോര്‍ഡ് ലഭ്യമാക്കണമെന്ന വ്യവസ്ഥകൂടി കരാറില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കുലറില്‍ പ്രത്യേകനിര്‍ദേശമുണ്ട്. ഈ ശാഖകള്‍ പിന്നീട് നിലനിര്‍ത്തുമോ എന്ന കാര്യവും വ്യക്തമല്ല.


അപൂര്‍ണമാണെങ്കിലും പേര് മാറ്റേണ്ട ശാഖകളുടെ ജില്ല തിരിച്ചുള്ള കണക്കും സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം-32, കൊല്ലം-15, ആലപ്പുഴ-10, പത്തനംതിട്ട-11, ഇടുക്കി-നാല്, കോട്ടയം-16, എറണാകുളം-28, തൃശൂര്‍-14, മലപ്പുറം-14, പാലക്കാട്-12, കോഴിക്കോട്-12, കണ്ണൂര്‍-ഏഴ്, വയനാട്-നാല്, കാസര്‍കോട്-ഏഴ് എന്നിങ്ങനെയാണ് ലഭ്യമായ കണക്കുകള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K