23 November, 2016 10:43:10 AM


ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് വഴി 23,000 കോടി നല്‍കാന്‍ ആര്‍.ബി.ഐ നിര്‍ദ്ദേശം


ദില്ലി: കാര്‍ഷിക  വായ്പ വിതരണത്തിനായി രാജ്യത്തെ ജില്ലാ ബാങ്കുകള്‍ക്ക് 23,000 കോടി രൂപ നല്‍കാന്‍ നബാര്‍ഡിന് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. പണം കാര്‍ഷിക വായ്പ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും വായ്പ, പണമായി തന്നെ കര്‍ഷകര്‍ക്ക് കൈമാറണമെന്നും റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു.

നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ മേഖലക്ക് നേരിയ ആശ്വാസം നല്‍കി കൊണ്ട്  നബാര്‍ഡില്‍ നിന്നും രാജ്യത്തെ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് പണമെത്തുന്നു. കാര്‍ഷിക വായ്പ  വിതരണം തടസ്സപ്പെടാതാരിക്കാന്‍  അടിയന്തിരമായി പണം കൈമാറാനാണ് നബാര്‍ഡിനോട് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജില്ലാ ബാങ്കിന് ലഭിക്കുന്ന പണം പ്രാദേശിക സഹകരണ സംഘങ്ങള്‍ വഴി വായ്പയായി കര്‍ഷകര്‍ക്ക് നല്‍കാനാണ് റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശം.  35000 കോടി രൂപയാണ് ഈ കാലയളവില്‍ കാര്‍ഷിക വായ്പയായി രാജ്യത്ത് വേണ്ടി വരുകയെന്നും ഇതില്‍ 23000 കോടി രൂപ ഇപ്പോള്‍ കൈമാറാനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 


കര്‍ഷകര്‍ക്ക് വായ്പ  പണമായി തന്നെ  നേരിട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ഗ്രാമീണ മേഖല സഹകരണ സംഘങ്ങളില്‍ പണ ലഭ്യത ഉറപ്പാക്കണം. ഇതിനായി ആവശ്യമായ നടപടി സ്വീകരിക്കാന്‍  കറന്‍സി ചെസ്റ്റുകളുള്ള ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി.  കാര്‍ഷിക വായ്പ വിതരണത്തിന് പണമില്ലാത്തതിനാല്‍ സഹകരണ സംഘങ്ങള്‍ സ്തംഭനാവസ്ഥയിലായ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. എന്നാന്‍ നോട്ട് മാറ്റുന്നതിന് അനുമതി നല്കണമെന്നതടക്കം  സഹകരണ ബാങ്കുകളുടെ  മറ്റ് ആവശ്യങ്ങളെപ്പറ്റി  റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പരാമര്‍ശമില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K