11 January, 2016 09:56:29 PM


മിസ്ഡ് കോളിലൂടെ പണം കൈമാറാനാകുന്ന സേവനവുമായി ഫെഡറല്‍ ബാങ്ക്



കൊച്ചി: മിസ്ഡ് കോള്‍ ഉപയോഗിച്ച് ഏതു സമയത്തും  പണം കൈമാറാനാകുന്ന സേവനവുമായി ഫെഡറല്‍ ബാങ്ക്.  സേവനം ഉപയോഗിക്കാന്‍ ഫെഡറല്‍ ബാങ്ക് ഉപഭോക്താവിന് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് ബാങ്കിന്‍െറ 9895088888 എന്ന നമ്പറിലേക്ക് പ്രത്യേക ഫോര്‍മാറ്റില്‍ എസ്.എം.എസ് അയച്ച് രജിസ്റ്റര്‍ ചെയ്യണം. ഇടപാടുകാര്‍ക്ക് ഒരുസമയം അഞ്ച് ഗുണഭോക്താക്കളെ വരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. 

ഫെഡറല്‍ ബാങ്കിലോ മറ്റേതെങ്കിലും ബാങ്കിലോ അക്കൗണ്ട് ഉള്ളവരെയായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം പിന്നീട് എപ്പോള്‍ വേണമെങ്കിലും സേവനത്തിന് 7812900900 എന്ന നമ്പറിലേക്ക് പണം സ്വീകരിക്കുന്നയാള്‍ മിസ്ഡ് കോള്‍ നല്‍കിയാല്‍ അപ്പോള്‍തന്നെ പണം അക്കൗണ്ടിലേക്ക് മാറ്റുകയും ഇടപാടുകാരന്‍െറ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് തുക കുറവുചെയ്യുകയും ചെയ്യും.

ഒരു ദിവസം ഇത്തരത്തില്‍ കൈമാറാവുന്ന പരമാവധി തുക 5000 രൂപയായും മാസം 25000 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ചാര്‍ജ് ഈടാക്കാതെ എല്ലാ ദിവസവും മുഴുവന്‍ സമയവും ഈ സൗകര്യം ബാങ്ക് ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 1199 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K