18 October, 2016 02:52:47 PM


ബി.എസ്.എന്‍.എല്‍ കോള്‍ നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന് കമ്പനി


തൃശൂര്‍: രാജ്യത്തെ ഒന്നേകാല്‍ ലക്ഷത്തോളം ടവറുകള്‍ ബി.എസ്.എന്‍.എല്ലില്‍നിന്ന് മാറ്റി പ്രത്യേക കമ്പനിക്കുകീഴിലാക്കാനുള്ള കുറിപ്പ് കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് എത്തി. സബ്സിഡിയറി ടവര്‍ കമ്പനി രൂപവത്കരിച്ച് ബി.എസ്.എന്‍.എല്‍ ടവറുകള്‍ അതിന്‍െറ കീഴിലാക്കാനാണ് നിര്‍ദേശം.  ഇത് നടപ്പാകുന്നതോടെ മറ്റ് മൊബൈല്‍ ഓപറേറ്റര്‍മാരെപ്പോലെ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന് സ്വന്തം മൊബൈല്‍ ടവറുകള്‍ അന്യമാകും. ടവറുകള്‍ക്ക് വാടക നല്‍കേണ്ടിവരും. സ്വാഭാവികമായും ബി.എസ്.എന്‍.എല്‍ കോള്‍ നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.


നിലവില്‍ കുറഞ്ഞ നിരക്കില്‍ സേവനം നല്‍കാന്‍ ബി.എസ്.എന്‍.എല്ലിന് കഴിയുന്നത് സ്വന്തം ടവര്‍ ശൃംഖല ഉള്ളതുകൊണ്ടാണ്. മറ്റ് ഓപറേറ്റര്‍മാരെല്ലാം ഈ ടവറുകള്‍ വാടകക്ക് ഉപയോഗിക്കുന്നതിലൂടെ  ലഭിക്കുന്ന വരുമാനമാണ് നിരക്ക് കുറക്കാന്‍ സഹായകമാകുന്നത്.  60 മീറ്റര്‍ വരെ ഉയരമുള്ള ടവറുകള്‍ക്ക് 60,000 രൂപയും കെട്ടിടങ്ങള്‍ക്ക് മുകളിലുള്ള ടവറുകള്‍ക്ക് 36,000 രൂപ വരെയുമാണ് പ്രതിമാസം വാടക ഈടാക്കുന്നത്.


പ്രത്യേക കമ്പനി വരുന്നതോടെ ഈ നിരക്ക് ബി.എസ്.എന്‍.എല്ലും നല്‍കേണ്ടി വരും. വരുമാന നഷ്ടത്തിനുപുറമെ അധിക ബാധ്യത കൂടി വരുന്നതോടെ നിരക്ക് ഉയര്‍ത്താന്‍ ബി.എസ്.എന്‍.എല്‍ നിര്‍ബന്ധിതമാകും. റിലയന്‍സ് ജിയോ പോലുള്ള കമ്പനികള്‍ പ്രത്യേക പദ്ധതികളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ രംഗത്തുള്ളപ്പോള്‍ നിരക്ക് ഉയര്‍ത്തേണ്ടിവരുന്നത് തിരിച്ചടിയാകും. റിലയന്‍സിനോട് മമതയുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ ലക്ഷ്യവും അതാണെന്ന് ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ പറയുന്നു.


ടവറുകളില്‍നിന്ന് വേണ്ടത്ര വരുമാനം ഇല്ലെന്ന കാരണം പറഞ്ഞാണ് പ്രത്യേക കമ്പനി രൂപവത്കരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുകയും ഓഹരി വിറ്റഴിക്കുകയും ചെയ്യുന്ന കാലത്ത് പുതിയ സ്ഥാപനം രൂപവത്കരിക്കുന്നതുതന്നെ സംശയാസ്പദമാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ക്രമേണ പുതിയ കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാനോ സ്വകാര്യവത്കരിക്കപ്പെടാനോ സാധ്യതയുണ്ടെന്ന ആശങ്കയും പങ്കുവെക്കുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന വി.എസ്.എന്‍.എല്‍ (വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ്) പിന്നീട് ടാറ്റയുടെ കൈയില്‍ എത്തിയ അനുഭവവും അവര്‍ ഉയര്‍ത്തുന്നുണ്ട്.


നിലവില്‍ ബി.എസ്.എന്‍.എല്ലിന്‍െറ വലിയൊരു വിഭാഗം ടവറുകള്‍ വാടകക്ക് പോകുന്നില്ലെന്ന മറുവശവുമുണ്ട്. ബാറ്ററിയുടെ ശേഷി കുറഞ്ഞ് പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് കാരണം.  ഗുണമേന്മയുള്ള ബാറ്ററി സ്ഥാപിച്ച് എല്ലാ ടവറുകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ ഏതാനും കോടി മുടക്കിയാല്‍ മതി. അതിനുപകരം പുതിയ കമ്പനിയുണ്ടാക്കുന്നതിലെ ദുരൂഹതയാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ കമ്പനിക്കെതിരെ ബി.എസ്.എന്‍.എല്ലിലെ വലിയൊരു വിഭാഗം ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഈമാസം 26ന് എംപ്ളോയീസ് യൂനിയന്‍ രാജ്യമൊട്ടാകെ ധര്‍ണ നടത്തുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K