04 October, 2016 05:19:18 PM


റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കാല്‍ശതമാനത്തിന്‍റെ കുറവു വരുത്തി



മുംബൈ: റിപ്പോ നിരക്കില്‍ കാല്‍ശതമാനത്തിന്‍റെ കുറവു വരുത്തി റിസര്‍വ് ബാങ്കിന്റെ വായ്പ നയം പ്രഖ്യാപിച്ചു. 6.25 ശതമാനമാണു പുതുക്കിയ റിപ്പോ നിരക്ക്. നേരത്തെ റിപ്പോ നിരക്ക് 6.50 ശതമാനമായിരുന്നു. ബാങ്കുകള്‍ കരുതല്‍ ധനമായി ആര്‍. ബി.ഐയില്‍ സൂക്ഷിക്കേണ്ട പണത്തിന്‍റെ നിരക്കായ കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. ഇത് നിലവിലെ നാലു ശതമാനത്തില്‍ തന്നെ തുടരും.



റിപ്പോ നിരക്ക് കാല്‍ ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ബാങ്കുകള്‍ കുറച്ചേക്കും. പണത്തിന്‍റെ ലഭ്യത വര്‍ധിപ്പിക്കുന്നതിനും മൊത്തം വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നതിനും പുതിയ നയം ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. 2017ല്‍ നാണ്യപ്പെരുപ്പ തോത് നാലു ശതമാനമായി നിലനിര്‍ത്തുകയാണ് ആര്‍.ബി.ഐയുടെ ലക്ഷ്യം.



2010 നവംബറിന് ശേഷം ഏറ്റവും താഴ്ന്ന നിരക്കിലാണ് റിപ്പോ നിരക്ക് എത്തിയിട്ടുള്ളത്. ആര്‍.ബി.ഐ ഗവര്‍ണറെ അധ്യക്ഷനാക്കി കേന്ദ്രസര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച മോണിറ്ററിങ് പോളിസി കമ്മിറ്റി (എംപി.സി) യുടെ ആദ്യ യോഗമാണ് നിരക്കില്‍ മാറ്റം വരുത്തിയത്. സെപ്റ്റംബര്‍ ആറിന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പദവി ഒഴിഞ്ഞതിന് പിന്നാലെ പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. എംപിസിയിലെ ആറംഗങ്ങള്‍ റിപ്പോ നിരക്ക് കുറക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച്‌ വോട്ട് ചെയ്തതായി ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K