09 September, 2016 02:38:41 PM


അവർ മദ്യക്കോഴയിൽ ... ഇവരുടെ യാത്ര "മൂത്രക്കോഴ"യിലേക്കോ?

നവംബർ ഒന്നു മുതൽ കേരളത്തിൽ പൊതുനിരത്തുകളുടെ ഓരത്ത് മൂത്രവിസർജ്ജനം വിലക്കാൻ തീരുമാനമെടുത്തതായിട്ടുള്ള പത്ര വാർത്ത ക​ണ്ടു  പ്രത്യക്ഷത്തിൽ നിരുപദ്രവവും സ്വാഗതാർഹവും നന്മ നിറഞ്ഞതുമായ ഒരു തീരുമാനമായി ആളുകൾ ഇത് സ്വീകരിക്കുമെങ്കിലും ഇതിനുള്ളിൽ ചില പ്രശ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്നു കൂടി അറിയേണ്ടതാണ്.


തീരുമാനം പ്രഖ്യാപിക്കും മുൻപ് തന്നെ നാട്ടിലുടനീളം മൂത്രപ്പുരകൾ നിർമ്മിച്ചുകൊടുക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്. അതായത് നിലവിലുള്ളതിനു ബദൽ സംവിധാനം ഒരുക്കുമെന്നർത്ഥം.അങ്ങനെ തന്നെയാണ് വേണ്ടത്. ഇതിലൊന്നും ഒരു തർക്കവുമില്ല. പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള പാതകളിലും ഉപവഴികളിലുമെല്ലാം മൂത്രപ്പുരകൾ നിർമ്മിച്ചാൽ എന്തുമാത്രം മൂത്രപ്പുരകൾ പണിയേണ്ടിവരും ! ഈ നവംബറിനു മുൻപ് അത് സാധ്യമാകുമോ?

സംസ്ഥാനത്തെ മുഴുവൻ വീടുകളിൽപ്പോലും ഇനിയും ശുചിമുറികൾ ഉണ്ടായിട്ടില്ല. അപ്പോഴാണ് ഇത്തരം ഒരു പരിപാടി. പൊതുസ്ഥലം കയ്യേറാൻ ഒരു കുറുക്കു വഴിയായി ഇതിനെ കണ്ടാൽ മതി. വ്യാപകമായ മൂത്രപ്പുര നിർമ്മാണത്തിലൂടെ കോടികളുടെ ഇടപാടുകൾ നടക്കുമെന്നുറപ്പ്. കോഴകളിലേക്കു നയിക്കുന്ന നിർമ്മാണ പ്രക്രിയ അതിനു വേണ്ടിയുള്ളതാണ്. ഈ തീരുമാനം നടപ്പിൽ വരുന്നതോടെ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് നോക്കാം.

നമ്മുടെ നാട്ടില്‍ വെള്ളത്തിന്‌ താരതമ്യേന ക്ഷാമമില്ലാത്തതിനാല്‍ ഉപയോഗം കൂടുതലാണ്. ദുര്‍വിനിയോഗം അതുക്കും മേലെയുമാണ് ! കിണറുള്ളവര്‍പോലും മെയ്യനങ്ങി ജലം കോരാന്‍ മടിച്ചു കോര്‍പ്പറേഷന്‍ വെള്ളം വാങ്ങുന്നു. അപ്പോഴാണ് പൊതു സ്ഥലത്തു അനേകം മൂത്രപ്പുരകൾ ഉണ്ടാകുന്നത്. അതോടെ ജലത്തിന്റെ ഉപയോഗം കൂടും. പത്തു തുള്ളി മൂത്രം ഒഴിച്ചാലും അര ലിറ്റർ ഒഴിച്ചാലും മൂന്നും നാലും ലിറ്റർ വെള്ളമാണ് ഒപ്പം ഒഴുക്കി കളയുന്നത്. വൈപ്പിൻ പോലെ കുടിവെള്ളം കിട്ടാത്ത നിരവധി സ്ഥലങ്ങൾ ഉള്ളപ്പോഴാണ് ഇത്തരത്തിൽ ജല ദുരുപയോഗം നടക്കുന്നത്.

ഒരു വഴിയാത്രക്കാരന് എപ്പോഴാണ് മൂത്രം മുട്ടുകയെന്ന് കാലേകൂട്ടി തീരുമാനിക്കാനാവില്ലല്ലോ. അയാൾക്ക്‌ എപ്പോൾ ശങ്ക തോന്നുന്നുവോ അപ്പോൾ അയാൾ മൂത്രമൊഴിക്കും. അത് മണ്ണിൽ കലരുകയും ചെയ്യും. സർക്കാരിന്റെ തീരുമാനപ്രകാരം ഒന്നിലധികം പേര് ഒരേ സ്ഥലത്തു ശങ്ക തീർക്കുമ്പോൾ അത് നിർമ്മാർജ്ജനം ചെയ്യാനുള്ള സംവിധാനം ഉണ്ടാകണം. ഇല്ലെങ്കിൽ അവിടങ്ങളിൽ ദുർഗ്ഗന്ധം കൊണ്ട് നാട്ടുകാർ പൊറുതി മുട്ടും.

ഇത്തരം സമൂഹ മൂത്രപ്പുരകളിൽ ജോലിക്കാരെ വയ്ക്കണം. അവർക്കു കൂലി കൊടുക്കണം. ഒരു രൂപ നിരക്കിൽ ഈടാക്കിയിരുന്നത് ഇപ്പോൾ തന്നെ പലേടത്തും മൂന്നു രൂപാ വരെ ആയിരിക്കുന്നു. നമ്മുടെ നാട്ടിലെ ഭിക്ഷക്കാരും മറ്റും മൂന്നു രൂപ മുടക്കി മൂത്രമൊഴിക്കുമെന്നു കരുതുന്നുണ്ടോ? സമൂഹത്തിലെ വളരെ ചെറിയൊരു ശതമാനം ആളുകൾ മാത്രമേ വഴിയിൽ മൂത്രം ഒഴിക്കുന്നുള്ളൂ. അതും ഗതികേടുകൊണ്ട് മാത്രം.

സർക്കാരിന്റെ ഉദ്ദേശം നല്ലതാണെന്നു തന്നെ കരുതുക. ഈ മൂത്രപ്പുരകളെല്ലാം ആര് വൃത്തിയായി സൂക്ഷിക്കുമെന്നാണ്? പൊതു മേഖലയിലുള്ള സ്ഥാപനങ്ങളിലെ ഭൂരിഭാഗം മൂത്രപ്പുരകളും മനുഷ്യനു കടന്നു ചെല്ലാൻ കഴിയാത്ത വിധം മലീമസമാണ്. ഒരിക്കൽ അവകളിൽ കടന്നു ചെന്നാൽ ഒമ്പതു തവണ ഛർദ്ദിക്കും! 

സർക്കാർ ആഫീസുകൾ, സ്‌കൂളുകൾ എന്ന് വേണ്ട സ്വകാര്യ ഹോട്ടലുകളിലും തീയേറ്ററുകളിലുംവരെ കടന്നു ചെല്ലാൻ പ്രയാസമാണ്. മേൽത്തരം ഹോട്ടലുകളോടൊപ്പം ആധുനിക മാളുകളിൽ മാത്രമാണ് ഇടവിട്ടിടവിട്ടുള്ള വൃത്തിയാക്കൽ നിമിത്തം മനുഷ്യന് ശുചിമുറികൾ ഉപയോഗിക്കാൻ കഴിയുന്നത്. 

പരിപാലനത്തിലുള്ള അലസതകൊണ്ട് സർക്കാർ ശുചിമുറികൾ ഒരാഴ്‌ചക്കുള്ളിൽ തന്നെ വൃത്തികെട്ടു പോകും. അക്കാര്യം പരസ്യമായ രഹസ്യമാണെന്നിരിക്കെ എന്തിനാണ് കോടികൾ മുടക്കിയുള്ള ഇത്തരം പൊറാട്ടു നാടകങ്ങൾ ? ധന, ജല ദുർവിനിയോഗത്തിനോ?

ഏതെങ്കിലും ഓട്ടോ സ്റ്റാൻഡിന്റെ പരിസരത്തുകൂടി ഒന്ന് പോകാമോ? ചുറ്റും മൂക്ക് ചീറ്റിയും തുപ്പിയും വൃത്തികേടാക്കിയിട്ടിരിക്കുന്നതു കാണാം. വൃത്തി ബോധമില്ലാത്ത ജനതയാണിവിടെ കഴിയുന്നത്. ധനം നഷ്ടപ്പെടുത്തുന്ന ഇത്തരം തീരുമാനങ്ങൾ സർക്കാർ എടുക്കുന്നതിനു മുമ്പ് ജനങ്ങളെ വൃത്തി ബോധമുള്ളവരാക്കുകയാണ് വേണ്ടത്.

വ്യാപകമായി ബാറുകൾ അനുവദിച്ചു കോഴ നടത്തിയവർ പുറത്തു നിൽക്കുമ്പോഴാണ് വ്യാപകമായി മൂത്രപ്പുരകൾ നിർമ്മിച്ചു കൊണ്ടു പുതിയൊരു കോഴ കഥയ്ക്കു കൊടികയറ്റുന്നത് !!



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K