30 June, 2022 12:20:37 PM


റോഡിനൊപ്പം ബൈക്കും കോൺക്രീറ്റ് ചെയ്ത് അധികൃതര്‍; വണ്ടി അനക്കാനാകാതെ ഉടമ



വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂരിൽ റോഡ് പണിക്കിടെ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കും കോണ്‍ക്രീറ്റ് ചെയ്ത് അധികൃതര്‍. സ്മാർട്ട് സിറ്റി പദ്ധതിയിൽ നിർമ്മിക്കുന്ന റോഡ് പണിക്കിടയിലാണ് സംഭവം. ബൈക്ക് റോഡിൽ നിന്ന് എടുക്കാൻ സാധിക്കാത്ത രീതിയിലാണ് കോൺക്രീറ്റ് ചെയ്ത് വെച്ചിരിക്കുന്നത്. വെല്ലൂർ മെയിൻ ബസാറിലെ കാളികമ്പൽ ടെമ്പിൾ സ്ട്രീറ്റിലുള്ള ശിവ എന്നയാളുടെ ബൈക്കാണ് റോഡ് പണിക്കാർ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചത്. വണ്ടിയുടെ ടയറുകൾ അനക്കാൻ പറ്റാത്ത നിലയിലായിരുന്നു. 

സാധാരണ തൻെറ കടയ്ക്ക് മുന്നിലായാണ് ശിവ ബൈക്ക് പാർക്ക് ചെയ്യാറുള്ളത്. റോഡ് പണി നടക്കുന്ന ദിവസവും അങ്ങനെ തന്നെയാണ് ചെയ്തത്. വണ്ടി വെക്കുന്ന സമയത്തൊന്നും തന്നെ പണി തുടങ്ങിയിട്ടുണ്ടായിരുന്നില്ല. രാത്രിയിലാണ് കോർപ്പറേഷന്‍റെ നേതൃത്വത്തിൽ തൊഴിലാളികൾ റോഡ് കോൺക്രീറ്റ് ചെയ്തത്. പിറ്റേന്ന് രാവിലെ ബൈക്ക് എടുക്കാനെത്തിയ ശിവ ശരിക്കും ഞെട്ടി. തൻെറ കടയുടെ മുന്നിൽ സിമന്‍റിട്ട റോഡിൽ അനക്കാനാകാത്ത വിധമായിരുന്നു ബൈക്ക് ഇരുന്നത്.

കോൺക്രീറ്റ് നന്നായി ഉറച്ചതിനാൽ വണ്ടി എടുക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. വണ്ടി അവിടെ നിന്ന് എടുക്കുന്നതിന് ശിവയെ സഹായിക്കുന്നതിന് നാട്ടുകാരും ഒപ്പം ചേർന്നു. എല്ലാവരും ഒത്ത് പിടിച്ചിട്ടും കോൺക്രീറ്റിൽ നിന്ന് ബൈക്കിനെ വേർപെടുത്തിയെടുക്കാൻ സമയമെടുത്തു. മണിക്കൂറുകൾ പണിയെടുത്താണ് കോൺക്രീറ്റിൽ പുതഞ്ഞ ബൈക്ക് ഒരുവിധത്തിൽ റോഡിൽ നിന്ന് വേർപെടുത്തിയെടുത്തത്. വണ്ടി നന്നാക്കിയെടുക്കുന്നതിനും ശിവ ഏറെ പണിപ്പെടേണ്ടി വന്നു.

നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡ് നിർമ്മാണത്തിൻെറയും മറ്റ് പ്രവർത്തികളുടെയും ചുമതല വെല്ലൂർ കോർപ്പറേഷനാണ് വഹിക്കുന്നത്. ഇതിനോടകം തന്നെ നിരവധി റോഡുകളുടെ പണികൾ തുടങ്ങിയിട്ടുണ്ട്. സംഭവത്തോടെ കോർപ്പറേഷൻെറ 'അത്യപൂർവ' റോഡ് നിർമ്മാണത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് നാട്ടുകാർ. യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് രാത്രിയിൽ റോഡ് പണി നടന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. തലേന്ന് രാത്രി യാതൊരു സൂചനയും ലഭിക്കാത്തതിനാലാണ് ശിവയും തൻെറ ബൈക്ക് കടയ്ക്ക് മുന്നിൽ സാധാരണ പോലെ നിർത്തിയിട്ട് പോയത്. അല്ലെങ്കിൽ റോഡ് പണിക്കിടയിൽ അവിടെ പാർക്ക് ചെയ്യാൻ സാധ്യത ഇല്ലായിരുന്നു.

ബൈക്ക് മാത്രമല്ല, മറ്റ് പല വസ്തുക്കളും കോർപ്പറേഷൻറെ സിമെൻറ് റോഡ് നിർമ്മാണത്തിൽ കോൺക്രീറ്റിനൊപ്പം ചേർന്നിട്ടുണ്ട്. റോഡരികിലുണ്ടായിരുന്ന വലിയ കല്ലുകളും മരത്തടികളുമൊക്കെ കോൺക്രീറ്റിനൊപ്പം റോഡിൽ ഒട്ടിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. അശാസ്ത്രീയമായ ഈ റോഡ് നിർമ്മാണത്തിനെതിരെയും പരാതി ഉയർന്നു. ഇത് വരെ പണിയിൽ സംഭവിച്ചിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അവയെല്ലാം പരിഹരിച്ച് റോഡ് പണി വീണ്ടും നടത്തണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കാൻ തയ്യാറായിരിക്കുകയാണ് കോർപ്പറേഷൻ അധികൃതർ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K