26 June, 2022 09:28:13 AM


എസ്എഫ്ഐ ആക്രമണത്തിൽ നശിച്ചത് 2 ലക്ഷം രൂപയിലധികം; റിമാൻഡ് റിപ്പോർട്ട്



കൽപ്പറ്റ: ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ എസ്എഫ്‌ഐ പ്രവർത്തകർ 2 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സംഘർഷത്തിൽ സർക്കാരിന് 30000 രൂപയുടെ നാശനഷ്ടമുണ്ടായി. പൊലീസിനെ മർദിച്ചതിന് ശേഷമാണ് പ്രതികൾ രാഹുൽ ​ഗാന്ധിയുടെ ഓഫീസിലേക്ക് കയറിയത്. 

300 ഓളം എസ്എഫ്ഐ പ്രവർത്തകരാണ് സംഘം ചേർന്ന് ആക്രമണം നടത്തിയത്. പൊലീസ് വാഹനത്തിലേക്ക് പ്രതികളെ കയറ്റുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി പ്രതികളെ രക്ഷപ്പെടുത്താനായി പൊലീസ് ജീപ്പ് തകർത്തു. വാഹനത്തിന്റെ ചില്ല് കല്ലും വടിയും ഉപയോ​ഗിച്ചാണ് തകർത്തത്. ഒരു പൊലീസുകാരന്റെ കൈവിരൾ ആക്രമണത്തിൽ ഒടിഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടുതൽ പ്രതികൾ ഇനിയുമുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

ആയിരങ്ങൾ പങ്കെടുത്ത യുഡിഎഫ് പ്രതിഷേധ മാർച്ചിന് മറുപടി നൽകാൻ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കൽപ്പറ്റയിൽ സിപിഐഎം ശക്തിപ്രകടനം നടത്തും. സമാധാനപരമായി പ്രതിഷേധിക്കാനാണ് പ്രവർത്തകരോട് എൽഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. ബഹുജനങ്ങളെ അണിനിരത്തി യുഡിഎഫ് ആക്രമണങ്ങളെ ചെറുക്കുമെന്ന് ഇടതുമുന്നണി അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് കൽപ്പറ്റ ടൗണിൽ തന്നെ മറുപടി പറയാനാണ് സിപിഐഎമ്മിന്റെ ശ്രമം.

എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി യോഗവും ചൊവ്വാഴ്ച ചേരും. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷം സംസ്ഥാന സെന്റർ യോഗത്തിൽ നടപടി തീരുമാനിക്കും. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 30 ആയി. ഇതിൽ മൂന്ന് വനിതാ പ്രവർത്തകരും ഉൾപ്പെടുന്നു. അക്രമ സംഭവത്തിൽ 19 എസ് എഫ് ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. മാനന്തവാടി ഡി വൈ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിഷേധങ്ങളിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.

സംഭവത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയിരുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അനുവാദം ഇല്ലാതെയാണ് എസ്എഫ്ഐ മാർച്ച് നടത്തിയതെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പ്രതികരിച്ചു. തെറ്റുകാർക്ക് എതിരെ കർശന നടപടിയുണ്ടാകും. പാർട്ടി നേതൃത്വത്തോട് എസ്.എഫ്.ഐ കാര്യങ്ങൾ വിശദീകരിക്കും. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീക്കൊപ്പം എ.കെ.ജി സെന്ററിൽ എത്തിയപ്പോഴായിരുന്നു വി.പി സാനുവിന്റെ പ്രതികരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K