18 June, 2022 11:56:28 AM


സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത നായർ കോടതിയില്‍



കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. ഇക്കാര്യം ഉന്നയിച്ച് അവര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. സ്വപ്നയുടെ മൊഴിയില്‍ തന്നെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും അക്കാര്യങ്ങളിലെ വിശദ വിവരങ്ങള്‍ അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും കാണിച്ചാണ് സരിത ഹര്‍ജി നല്‍കിയത്.

നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷ് 164ാം വകുപ്പ് പ്രകാരം നല്‍കിയ മൊഴി ആവശ്യപ്പെട്ടാണ് സരിത കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ ക്രൈംബ്രാഞ്ചും കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. മൊഴിപ്പകര്‍പ്പ് മൂന്നാമതൊരു ഏജന്‍സിക്ക് നല്‍കാന്‍ പാടില്ലെന്ന സ്വപ്നയുടെ അഭിഭാഷകന്റെ വാദം ശരിവെച്ചായിരുന്നു കോടതി നടപടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K