15 June, 2022 11:46:21 PM


പോലീസുകാരെ വണ്ടിയിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി



ഏറ്റുമാനൂര്‍: പോലീസുകാരെ വണ്ടിയിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച അതിരമ്പുഴ സ്വദേശി യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കുപ്രസിദ്ധ ഗുണ്ടയായ അച്ചു സന്തോഷിന്‍റെ നേതൃത്വത്തിൽ തൃശ്ശൂർ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ക്വട്ടേഷൻ പ്രവർത്തനത്തിനായി ചെല്ലുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്ത കേസ്സിൽ ജാമ്യത്തിൽ കഴിഞ്ഞുവരികയായിരുന്ന അതിരമ്പുഴ പടിഞ്ഞാറ്റിൻഭാഗം കോട്ടമുറി ഭാഗത്ത് ചെറിയപള്ളിക്കുന്നേൽ വീട്ടിൽ ബാബു ജോസഫിന്‍റെ മകൻ ബിബിൻ ബാബുവിനെ  കാപ്പാ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്ട്രേട്ട്കൂടിയായ ജില്ലാകളക്ടർ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത ബിബിൻ ബാബുവിനെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. ഏറ്റുമാനൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ ആക്രമണങ്ങളും നരഹത്യാശ്രമം, മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി ആക്രമിച്ച് പരിക്കേൽപ്പിക്കുക, വസ്തുവകകൾ നശിപ്പിക്കുക തുടങ്ങിയ കേസ്സുകളിൽ പ്രതിയാണ് ബിബിൻ ബാബു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K