14 June, 2022 08:45:22 PM
നഗരസഭയോട് ചേര്‍ന്ന സ്ഥലത്ത് സ്വകാര്യവ്യക്തിയുടെ കെട്ടിടനിര്‍മ്മാണം: കൌണ്‍സില്‍ യോഗത്തില്‍ ബഹളം

ഏറ്റുമാനൂര്‍: നഗരസഭയുമായി കേസ് നിലനില്‍ക്കുന്ന സ്ഥലത്ത് സ്വകാര്യവ്യക്തിയുടെ കെട്ടിടനിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് കൌണ്‍സില്‍ യോഗത്തില്‍ ബഹളം. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍  ചിറക്കുളം റോഡിന് സമീപം നഗരസഭാ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് എം.സി.റോഡിനഭിമുഖമായി നടക്കുന്ന കെട്ടിടനിര്‍മ്മാണമാണ് വിവാദമായത്. സ്വകാര്യ ബസ് സ്റ്റാന്‍ഡിനും ചിറക്കുളത്തിനും സമീപമുള്ള കയ്യേറ്റഭൂമി നഗരസഭ നേരത്തെ അളന്ന് കല്ലിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഈ ഭൂമിയോടുചേര്‍ന്നുള്ള സ്വകാര്യവ്യക്തികളും നഗരസഭയുമായി  കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്.
എന്നാല്‍ കേസില്‍ വിധി വരുംമുമ്പ് നഗരസഭാ ഉദ്യോഗസ്ഥര്‍ ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കി കെട്ടിടനിര്‍മ്മാണത്തിനുള്ള ഒത്താശകള്‍ ചെയ്തു എന്ന ആരോപണമാണ് ഇന്ന് നടന്ന കൌണ്‍സിലില്‍ ബഹളത്തിനിടയാക്കിയത്. മുന്‍ വികസനകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയായ പി.എസ്.വിനോദും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബീനാ ഷാജിയുമാണ് കൌണ്‍സിലില്‍ വിഷയം അവതരിപ്പിച്ചത്. എന്നാല്‍ സ്വകാര്യവ്യക്തിക്കനുകൂലമായി കോടതിവിധ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കിയത് എന്നായിരുന്നു ചെയര്‍പേഴ്സന്‍റെയും ഉദ്യോഗസ്ഥരുടെയും ഭാഷ്യം.
എന്നാല്‍ വിധിപകര്‍പ്പ് യോഗത്തില്‍ അവതരിപ്പിക്കണമെന്നായി കൌണ്‍സിലര്‍മാര്‍. പക്ഷെ വിധിപകര്‍പ്പ് കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. കോടതിയുടെ വിധി എന്തായാലും കൌണ്‍സില്‍ യോഗത്തിന്‍റെ അറിവോടെയെ നടപടികള്‍ സ്വീകരിക്കാവു എന്നത് പാലിക്കപ്പെട്ടില്ല എന്നും അംഗങ്ങള്‍ ചൂണ്ടികാട്ടി. നഗരസഭയ്ക്ക് എതിരാണ് വിധി എങ്കില്‍ അപ്പീലിന് പോകാന്‍ അവസരമുണ്ടായിട്ടും അതിന് തയ്യാറാകാതെ അവധി ദിവസങ്ങളിലും രാത്രികാലങ്ങളിലും നിര്‍മ്മാണം നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ സാഹചര്യമൊരുക്കി എന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
സംഭവം വിവാദമായതോടെ പെര്‍മിറ്റ് പിന്‍വലിച്ച് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്ന ആവശ്യം കൌണ്‍സില്‍ അംഗീകരിച്ചു. കഴിഞ്ഞ ദിവസം നീക്കം ചെയ്ത നഗരസഭാ അഭിഭാഷകന് പകരം പുതിയ ആളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ന് കൌണ്‍സില്‍ യോഗം നടന്നത്.
                    
                                

                                        



