10 June, 2022 08:57:53 PM


ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച: റയിൽവേ ജീവനക്കാരൻ പിടിയിൽ



കൊച്ചി: ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ ഗോവൻ സ്വദേശിയായ റയിൽവേ ജീവനക്കാരൻ പിടിയിൽ. മാങ്കോർ ഹിൽ ഗുരുദ്വാര റോഡിൽ മൗലാലി ഹബീബുൽ ഷെയ്ക്ക് (36) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഗോവയിലെ വാസ്ക്കോയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഉച്ചക്ക് ഒന്നരയോടെ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ എന്നും പറഞ്ഞ് അഞ്ച് പേർ എത്തിയത്. ഇതിൽ മൂന്നു പേർ മലയാളികളും രണ്ട് പേർ ഗോവൻ സ്വദേശികളുമാണ്. പരിശോധന നടത്തി വീട്ടിൽ നിന്ന് അമ്പതു പവനോളം സ്വർണ്ണവും , ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു  കളഞ്ഞു. വീട്ടിലെ സി.സി.ടി.വി യുടെ ഹാർഡ് ഡിസ്ക്കും സംഘം കൊണ്ടുപോയി. 

കൃത്യത്തിനു ശേഷം 2 പേർ ബസിലും മൂന്നു പേർ ഓട്ടോ റിക്ഷയിലുമായി ആലുവ റയിൽവേ സ്റ്റേഷൻ പരിസരത്ത് വന്നിറങ്ങി. തുടർന്ന് ഓട്ടോയിലും ബസിലുമായി അങ്കമാലിയിലെത്തി അവിടെ നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. തലേദിവസം സംഘം ആലുവയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തിരുന്നു. രണ്ട് ഓട്ടോറിക്ഷയിലാണ് ഉച്ചയ്ക്ക് സംഘം വീടിന് സമീപത്ത് എത്തിയത്. 

പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ ഗോവയിൽ നിന്നും സാഹസികമായി പിടികൂടിയത്. പോലീസ് പിടികൂടുമെന്നായപ്പോൾ ഓടിരക്ഷപെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്നാണ് പിടികൂടിയത്. അന്വേഷണത്തിന് ഉയർന്ന പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപികരിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രത്യേക ടീമായി തിരിഞ്ഞൊണ് അന്വേഷണം നടക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K