05 June, 2022 01:47:38 PM


തിരുവനന്തപുരത്ത് രണ്ട് കുട്ടികളിൽ 'നോറോ' വൈറസ് : ഛർദ്ദി, വയറിളക്കം, പനി ഇവ ലക്ഷണങ്ങൾ



തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എൽഎംഎസ് എൽപിഎസിലെ കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടികൾക്ക് വയറിളക്കം വന്നിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് വൈറസ് പകരുന്നത്. നേരത്തെ ഈ സ്‌കൂളിലെ 42 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു.

ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്‌തേക്കാം.

എന്താണ് നോറ വൈറസ്?

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. 

ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജലജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങൾ

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം?

രോഗ ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. മിക്കവാറും പേരില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറും. പക്ഷെ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ മൂന്ന് ദിവസം വരെ ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
· ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
· മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
· കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
· ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
· കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.
· ഇവ കൈകാര്യം ചെയ്തതിന് ശേഷം സോപ്പുപയോഗിച്ച് കൈയ്യും പാത്രവും കഴുകുക.
· പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
· ഭക്ഷണ ശുചിത്വവും വ്യക്തിശുചിത്വവുമാണ് നോറോ വൈറസ് പ്രതിരോധത്തിന് ഏറ്റവും പ്രധാനം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K