02 June, 2022 03:53:22 PM


സ്കൂള്‍ വളപ്പില്‍ ബസിറങ്ങിയ നാലാം ക്ലാസ് വിദ്യാർഥിക്ക് പാമ്പുകടിയേറ്റു



തൃശൂർ: വടക്കാഞ്ചേരിയിൽ നാലാം ക്ലാസ് വിദ്യാർഥിക്ക് സ്കൂൾ വളപ്പിൽ പാമ്പുകടിയേറ്റു. അണലിയുടെ കടിയേറ്റ വടക്കാഞ്ചേരി ഗവ. ബോയ്സ് എൽപി സ്കൂളിലെ വിദ്യാർഥി ആദേശിനെ (9) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ കെട്ടിടം പൊളിച്ചു പണിയുന്നതിനാൽ ഇവ‍ിടുത്തെ നൂറോളം വിദ്യാർഥികളെ സമീപത്തെ ഗേൾസ് എൽ പി സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. കുമരനെല്ലൂർ അയ്യത്ത് അനിൽ കുമാർ - ദിവ്യ ദമ്പതികളുടെ മകനാണ് ആദേശ്.

രാവിലെ 9.45ന് സ്കൂൾ വളപ്പിലേക്ക് ബസിൽ വന്നിറങ്ങുമ്പോഴാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. അധികം വലുപ്പമില്ലാത്ത പാമ്പായിരുന്നെന്നു മറ്റു കുട്ടികൾ പറഞ്ഞു. സ്കൂൾ മുറ്റം പൂർണമായി ശുചീകരിച്ചിരുന്നില്ല. കുട്ടി അപകടനില തരണം ചെയ്തു. നിലവില്‍ കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. പാമ്പ് കടിച്ചുവെന്ന സംശയമാണ് തോന്നിയതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പാമ്പ് കടിച്ചുവെന്ന് സൂചന ലഭിച്ചപ്പോഴാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇന്ന് വടക്കാഞ്ചേരി ബോയ്‌സ് സ്‌കൂളിലേക്ക് പോകേണ്ടതായിരുന്നു കുട്ടികള്‍. എന്നാല്‍ അവിടെ ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരേഗമിക്കുന്നതിനാലാണ് ഇവരെ ആനപ്പറമ്പ് ഗേള്‍സ് സ്‌കൂളിലേക്ക് എത്തിച്ചത്. കുട്ടിക്ക് പാമ്പ് കടിയേറ്റുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. കാട് പിടിച്ച് കിടന്ന പ്രദേശം കഴിഞ്ഞ ദിവസങ്ങളിലാണ് വൃത്തിയാക്കിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K