28 May, 2022 03:58:03 PM


ഗതാഗതനിയന്ത്രണം വിനയായി: പി എസ് സി പരീക്ഷ എഴുതാനാവാതെ ഉദ്യോഗാര്‍ത്ഥികള്‍



തിരുവനന്തപുരം: വൈകിയെത്തിയെന്ന പേരില്‍ ഉദ്യോഗാര്‍ത്ഥികളെ പി എസ് സി പരീക്ഷ എഴുതിച്ചില്ലെന്ന് പരാതി. തിരുവനന്തപുരം കോട്ടണ്‍ ഹില്‍സ് സ്‌കൂളിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന പരീക്ഷയുടെ സമയം 1.30 ആയിരുന്നു. വഴിയറിയാത്തതിനാല്‍ അഞ്ച് മിനിറ്റ് താമസിച്ചാണ് ആറ് ഉദ്യോഗാര്‍ത്ഥികള്‍ എത്തിയത്. ഇതോടെ ഉദ്യോഗാര്‍ത്ഥികളെ സെക്യൂരിറ്റി ജീവനക്കാരന്‍ തടയുകയായിരുന്നു.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ പലയിടത്തായി ഗതാഗത നിയന്ത്രണമുണ്ട്. ഇതറിയാതെയാണ് പല സ്ഥലങ്ങളില്‍ നിന്നായി എത്തിയവര്‍ വൈകിപ്പോയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. വാഹനം പലയിടത്തും വഴിതിരിച്ചുവിട്ടെന്നും അതിനാലാണ് കൃത്യസമയത്ത് എത്താന്‍ കഴിയാത്തതെന്നും പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ പറഞ്ഞു. 1.30ന് എത്തിയെങ്കിലും പാര്‍ക്കിങ് സൗകര്യമില്ലാത്തിനാല്‍ അവിടെയും 5 മിനിറ്റ് വൈകി.


അവസാന ചാന്‍സാണ് ഈ പരീക്ഷയെന്ന് പോലും പറഞ്ഞിട്ടും സെക്യൂരിറ്റി ജീവനക്കാര്‍ കടത്തിവിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു. അതേസമയം 1.30ന് മുന്‍പ് എത്തിയിട്ടും നമ്പര്‍ നോക്കിയിട്ട് കാണാതിരുന്നപ്പോള്‍ സമയം കഴിഞ്ഞെന്ന് പറഞ്ഞ് പുറത്താക്കിയെന്ന് മറ്റൊരു ഉദ്യോഗാര്‍ത്ഥിയും പ്രതികരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം ഉണ്ടാകുമെന്നും ഉദ്യോഗാര്‍ത്ഥി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K