24 May, 2022 10:13:07 AM


സാമന്തയും വിജയും സഞ്ചരിച്ച കാർ നദിയിലേക്ക് പതിച്ചു; സംഭവം ഷൂട്ടിങ്ങിനിടെ



ശ്രീനഗര്‍: നടി സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും കാശ്മീരിൽ നടക്കുന്ന 'ഖുഷി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അപകടത്തിൽ പരിക്കേറ്റു. സാമന്തയും വിജയും കശ്മീരിലെ പഹൽഗാം പ്രദേശത്ത് ഒരു സ്റ്റണ്ട് സീക്വൻസ് നടത്തുന്നതിനിടെ ആണ് സംഭവം. രംഗം വളരെ കഠിനമായിരുന്നു. രണ്ട് അഭിനേതാക്കളും ലിഡർ നദിയുടെ ഇരുവശത്തും കെട്ടിയിരിക്കുന്ന കയറിനു മുകളിലൂടെ വാഹനം ഓടിക്കേണ്ടി വന്നു. പക്ഷേ നിർഭാഗ്യവശാൽ, വാഹനം ആഴത്തിലുള്ള വെള്ളത്തിൽ വീഴുകയും ഇരുവരുടെയും മുതുകിന് പരിക്കേൽക്കുകയും ചെയ്തു. 

ശനിയാഴ്ചയാണ് അപകടമുണ്ടായതെന്നും സാമന്തയും വിജയും ഞായറാഴ്ച ജോലി പുനഃരാരംഭിച്ചതായും റിപ്പോർട്ടുണ്ട്. ശ്രീനഗറിലെ ദാൽ തടാകത്തിന്‍റെ ഉൾഭാഗത്ത് ഷൂട്ടിംഗ് നടത്തുന്നതിനിടെ, സാമന്തയ്ക്കും വിജയ്ക്കും നടുവേദനയുണ്ടായതിനെ തുടർന്ന് ഫിസിയോതെറാപ്പിസ്റ്റുകളെ വിളിച്ചുവരുത്തി ചികിത്സ നടത്തി. എന്നിരുന്നാലും, ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയാക്കി ടീം തിങ്കളാഴ്ച ഉച്ചയോടെ കശ്മീരിൽ നിന്ന് പുറപ്പെട്ടു.

സാമന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും അഭിനയിക്കുന്ന റൊമാന്‍റിക് ചിത്രമാണ് 'ഖുഷി'. ഇതിന് മുമ്പ് വിഡി 11 എന്ന് പേരിട്ടിരുന്നു. ശിവ നിർവാണയാണ് സംവിധാനം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി ഈ വർഷം ഡിസംബർ 23ന് ചിത്രം തിയേറ്ററുകളിലെത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K