05 July, 2016 08:12:35 PM


സെക്യുരിറ്റി വേണ്ടത് സര്‍ക്കാര്‍ സ്കൂളുകള്‍ക്കാണ്



മന്ത്രിമാര്‍ക്കും മറ്റുമുള്ള സെക്യുരിറ്റി നീക്കാന്‍ ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്തു വിട്ടവര്‍ പദവി ലഭിച്ചു കഴിഞ്ഞ് ജനങ്ങളുടെ അരികില്‍ സെക്യുരിറ്റിയുമായി വരുന്നതിലുള്ള ശരിയില്ലായ്മയാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യാന്‍ കാരണം.

ജീവനു ഭീഷണിയുള്ളവര്‍ക്ക് ഏര്‍പ്പെടുത്തുന്ന സെക്യുരിറ്റി വിമര്‍ശനത്തിനു ഇടയാക്കില്ല. കനത്ത സെക്യുരിറ്റി ആവശ്യമുള്ള ചില മേഖലകളുണ്ട് . ആശുപത്രി, ബാങ്ക് തുടങ്ങിയവ.

എന്നാല്‍ ഒരു സെക്യുരിറ്റിയുമില്ലാത്തതാണ് നമ്മുടെ സര്‍ക്കാര്‍ സ്കൂളുകള്‍. സാമൂഹിക വിരുദ്ധരുടെ താവളമാണ് സന്ധ്യ കഴിഞ്ഞാല്‍ പല സ്കൂളുകളും. മയക്കുമരുന്ന്, മദ്യം എന്നിവ ഉപയോഗിക്കുന്നവര്‍ തുടങ്ങി വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നവര്‍ വരെ സ്കൂളുകളെ തങ്ങളുടെ വിഹാര രംഗമാക്കുന്നു.




ക്ലാസ് റൂമുകളിലെ കസേരകളും മേശകളും നശിപ്പിക്കുന്നു. ബോര്‍ഡുകളിലും ചുമരുകളിലും അശ്ലീല൦ കുറിക്കുന്നു. അശ്ലീല ചിത്രങ്ങള്‍ വരച്ചു വെക്കുന്നു. ചിലപ്പോള്‍ ക്ലാസ് മുറികളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നു..

വളരെ പരിതാപകരമാണ് ചില സ്കൂളുകളിലെ ശുചിമുറികളുടെ അവസ്ഥ. നൂറിലേറെ കുട്ടികള്‍ ഉപയോഗിക്കുന്ന ഇത്തരം ശുചിമുറികള്‍ മലീമസങ്ങളാണ്. അറപ്പും ദുര്‍ഗ്ഗന്ധവും നമ്മെ അലട്ടും. വെള്ള മില്ലായ്മ, വൃത്തിയില്ലായ്മ , വെളിച്ചമില്ലായ്മ ... ഇതൊക്കെ സാമാന്യഭാഷയില്‍ പറഞ്ഞാല്‍ ക്രൂരമാണ്.

വെടിപ്പും വൃത്തിയുമുള്ള ശുചിമുറികള്‍ വിദ്യാര്‍ഥികളുടെ അവകാശമാണ്. ഒരു വിദ്യാര്‍ഥി സംഘടനകളും ഇത്തരം ആവശ്യത്തിനു വേണ്ടി നിലകൊള്ളുന്നില്ല എന്നതാണ്  അത്ഭുതം. പണം നല്‍കി ഉപയോഗിക്കുന്ന ശുചിമുറികളെ പ്പോലെ ഇത് നോക്കി നടത്താന്‍ ഒരാളെ ചുമതലപ്പെടുത്തേണ്ടതുണ്ട്; പണം വാങ്ങാതെ തന്നെ!

പുതിയ വിദ്യാഭ്യാസമന്ത്രിയില്‍ ജനങ്ങള്‍ക്ക്‌ വലിയ പ്രതീക്ഷയാണുള്ളത്. സ്കൂളുകള്‍ സരസ്വതീ ക്ഷേത്രങ്ങളാണ്. അവ പരിപാവനമായി സൂക്ഷിക്കേണ്ടതാണ്. അവിടെ മേലെഴുതിയ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും  അനുവദിച്ചുകൂടാ.

ആവശ്യമെങ്കില്‍ സ്കൂളുകളില്‍ പോലീസ് പാറാവു തന്നെ  ഏര്‍പ്പെടുത്തണം എന്നാണ് വിദ്യാഭ്യാസ മന്ത്രിയോട്  സാംസ്കാരിക കേരളത്തിന്  അഭ്യര്‍ഥിക്കുവാനുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K