19 May, 2022 09:17:02 PM


ഏറ്റുമാനൂര്‍ നഗരസഭ: സ്ഥിരം സമിതി അധ്യക്ഷ രാജിവെച്ചു; ഭരണം മറിയാന്‍ സാധ്യത



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സുനിത ബിനീഷ് തത്സ്ഥാനം രാജി വെച്ചു. പത്താം വാര്‍ഡില്‍ (വെട്ടിമുകള്‍) നിന്നും സ്വതന്ത്രയായി ജയിച്ച സുനിതയുടെയും മറ്റൊരു സ്വതന്ത്ര അംഗം വിജി ചാവറയുടെയും പിന്തുണയോടെയാണ് യുഡിഎഫ് ഇപ്പോള്‍ നഗരസഭ ഭരിക്കുന്നത്. സുനിത രാജിവെച്ചതോടെ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെടാനുള്ള സാധ്യത തെളിയുകയാണ്.


തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണസമിതിയുടെയോ യുഡിഎഫിന്‍റെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നതോടെയാണത്രേ സുനിത തനിക്ക് അനുവദിച്ച കാലാവധി തീരുംമുമ്പ് രാജിവെച്ചത്. യുഡിഎഫ് ഭരണസമിതി അധികാരത്തിലേറിയപ്പോള്‍ സുനിതയ്ക്ക് മൂന്ന് വര്‍ഷം സ്ഥിരം സമിതി അധ്യക്ഷസ്ഥാനവും ഒരു വര്‍ഷം നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനവുമാണ് വാഗ്ദാനം ചെയ്തിരുന്നത്. 


സുനിത ബിനീഷ് ഉള്‍പ്പെടെ 2 സ്വതന്ത്രരുടെ പിന്തുണയോടെയാണ് 15 അംഗങ്ങളുമായി യുഡിഎഫ് നഗരസഭ ഭരിക്കുന്നത്. 12 അംഗങ്ങളാണ് ഇടതുപക്ഷത്ത്. ഒരു സ്വതന്ത്രയും ഇടതുപക്ഷത്തിന് പുറമെനിന്ന് പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ആര്‍ നായര്‍ ഉള്‍പ്പെടെ ബിജെപിയ്ക്ക് 7 അംഗങ്ങളാണുള്ളത്. നിലവില്‍ യുഡിഎഫിനോടൊപ്പം നിലനില്‍ക്കുന്ന ഒരു അംഗം മാനസികമായി എല്‍ഡിഎഫിനോടാണ് യോജിപ്പ് പ്രകടിപ്പിക്കുന്നത്. യുഡിഎഫിന്‍റെ പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പ് രേഖപ്പെടുത്തികൊണ്ട് രാജിവെച്ച സുനിതകൂടി എല്‍ഡിഎഫിന് പിന്തുണ നല്‍കിയാല്‍ ഒരു അവിശ്വാസപ്രമേയത്തിലൂടെ ഭരണം അട്ടിമറിക്കാനാവും. ഇതിനുള്ള സാധ്യതയാണ് ഏറ്റുമാനൂരില്‍ തെളിഞ്ഞുവരുന്നത്.


ആരോഗ്യസ്ഥിരംസമിതിയുടെ കീഴില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ഒട്ടേറെ പദ്ധതികള്‍ ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും സഹകരണമില്ലായ്മ മൂലം മുടങ്ങിയതാണ് സുനിതയുടെ രാജിക്ക് പ്രധാന കാരണമായത്. ദിവസനവേതനാടിസ്ഥാനത്തില്‍ ജോലിയെടുക്കുന്ന കുറെ പേരെ പിരിച്ചുവിട്ടത് നഗരത്തിലെ ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി. പുതുതായി ആറ് പേരെ എടുക്കുവാന്‍ നടത്തിയ അഭിമുഖത്തില്‍ 150ലധികം ആളുകള്‍ പങ്കെടുത്തെങ്കിലും നിയമനമൊന്നുമായില്ല. നഗരത്തിലെ കംഫര്‍ട്ട് സ്റ്റേഷന്‍റെ പ്രവര്‍ത്തനവും അവതാളത്തിലായി. 


ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും സ്ഥിരംസമിതി അധ്യക്ഷയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ വിമുഖത കാട്ടുന്നതും ലൈസന്‍സ് പുതുക്കുന്നതുള്‍പ്പെടയുള്ള കാര്യങ്ങളില്‍ വ്യാപാരികളുടെ പ്രതിഷേധത്തിന് ഇടയാക്കി. കടകളില്‍ പരിശോധന ഊര്‍ജ്ജിതമാക്കണമെന്ന നിര്‍ദ്ദേശവും ഉദ്യോഗസ്ഥര്‍ നിരാകരിക്കുകയായിരുന്നു എന്നാണ് സുനിതയുടെ പരാതി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആരോഗ്യകാര്യസ്ഥിരംസമിതി അധ്യക്ഷനായിരുന്ന ടി.പി.മോഹന്‍ദാസ് തുടങ്ങിവെച്ച തുമ്പൂര്‍മൂഴി പോലുള്ള പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനവും ഉദ്യോഗസ്ഥരുടെയും ഭരണസമിതിയുടെയും സഹകരണമില്ലായ്മ മൂലം തടസപ്പെട്ടു.


സര്‍ക്കാരിന്‍റെ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റില്‍ നിര്‍മ്മിച്ച ശൌചാലയം ഉദ്ഘാടനം ചെയ്യുന്നതിനോ നാട്ടുകാര്‍ക്ക് തുറന്നുകൊടുക്കുന്നതിനോ ഭരണസമിതി തയ്യാറാകുന്നില്ല. നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും ഹരിതകര്‍മ്മസേന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചുസൂക്ഷിച്ചിട്ടുണ്ട്. ഇത് അവിടെനിന്നും നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള  കാര്യങ്ങള്‍ക്കായി ഒരു പിക്കപ് വാന്‍ ആരോഗ്യസ്ഥിരംസമിതിയുടെ നിര്‍ദ്ദേശപ്രകാരം വാങ്ങിയിരുന്നുവെങ്കിലും അതിന് ഒരു ഡ്രൈവറെ നിയമിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈ മഴക്കാലത്ത് മാലിന്യങ്ങള്‍ ശേഖരിക്കാനാവാതെ പൊതുസ്ഥലങ്ങളില്‍ കിടന്നുപോകുമെന്നും ഇവര്‍ ഭയപ്പെടുന്നു.


ധാരണപ്രകാരം ആദ്യ രണ്ട് വര്‍ഷം കോണ്‍ഗ്രസിലെ ലൌലി ജോര്‍ജും (വാര്‍ഡ് 2) പിന്നീടുള്ള ഓരോ വര്‍ഷം ത്രേസ്യാമ്മ മാത്യു (കോണ്‍ഗ്രസ് - വാര്‍ഡ് 8 നടുവത്തേരി), സുനിത ബിനീഷ് (സ്വതന്ത്ര - വാര്‍ഡ് 10 വെട്ടിമുകള്‍), അന്‍സു ജോസഫ് (കോണ്‍ഗ്രസ് - വാര്‍ഡ് 30 കാരിത്താസ്) എന്നിവരുമാണ് നഗരസഭാ അധ്യക്ഷസ്ഥാനത്ത് എത്തേണ്ടത്. സുനിതയ്ക്ക് മൂന്ന് വര്‍ഷം സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും നല്‍കിയിരുന്നു. എന്നാല്‍ സ്ഥാനത്തെത്തി ഒന്നര വര്‍ഷം തികയും മുമ്പാണ് സുനിത രാജി നല്‍കിയിരിക്കുന്നത്. 


പി.എസ്.വിനോദ് (സിപിഎം), ടോമി പുളിമാന്‍തുണ്ടം (കോണ്‍ഗ്രസ്), ബീനാ ഷാജി (സ്വതന്ത്ര), അന്‍സു ജോസഫ് (കോണ്‍ഗ്രസ്),  അജിശ്രീ മുരളി (ബിജെപി) എന്നിവരാണ് ആരോഗ്യകാര്യസ്ഥിരം സമിതിയിലെ മറ്റംഗങ്ങള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K