17 May, 2022 08:24:38 PM


കൃഷ്ണവിഗ്രഹം പൊട്ടിത്തകര്‍ന്ന വേദനയില്‍ ഭക്ത: പുതിയ കൃഷ്ണ വിഗ്രഹം സമ്മാനിച്ച് അജ്ഞാതയുവാവ്



കോട്ടയം: ആഗ്രഹിച്ചു വാങ്ങിയ കൃഷ്ണവിഗ്രഹം പൊട്ടിത്തകര്‍ന്നപ്പോള്‍ അനു ഉണ്ണിക്കൃഷ്ണന്‍ എന്ന ഭക്തയ്ക്ക് തീരാവേദനയായി. ഉള്ളിലെ വിഷമം സങ്കടമഴയായ് പെയ്തു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരു യുവാവ് എത്തി കൃഷ്ണന്റെയും രാധയുടെയും വിഗ്രഹം സമ്മാനിച്ച് അനുവിന്റെ കണ്ണീരൊപ്പി. ആ അജ്ഞാത യുവാവിനെ തേടുകയാണ് നാട്ടുകാരും ക്ഷേത്രം അധികൃതരും.

ആറുമാനൂര്‍ ടാപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞ വേദിയിലായിരുന്നു സംഭവം. സപ്താഹ വേദി അലങ്കരിക്കാന്‍ സമീപവീടുകളില്‍ നിന്നും കൃഷ്ണ വിഗ്രഹം ശേഖരിച്ചിരുന്നു. ഇങ്ങനെ അനുവും തന്റെ കൈവശമിരുന്ന ഒരേയൊരു കൃഷ്ണ വിഗ്രഹവും സമര്‍പ്പിച്ചു.

സപ്താഹത്തിനു ശേഷം എല്ലാവരും വിഗ്രഹങ്ങള്‍ തിരികെ വാങ്ങി. അനുവിന്റെ വിഗ്രഹം വേദിയില്‍ അബദ്ധത്തില്‍ വീണ് പൊട്ടിയിരുന്നു. പൊട്ടിപ്പോയ വിഗ്രഹം ടാപ്പുഴ കടവില്‍ ഒഴുക്കി അനു വീട്ടിലേക്കു മടങ്ങി. തുടര്‍ന്നാണ് 2 വിഗ്രഹങ്ങളുമായി യുവാവ് അമ്പലത്തില്‍ എത്തി അനുവിനെ വിളിച്ചുവരുത്തി കൈമാറിയത്. ആരാണ് ആ യുവാവെന്ന് അനുവിനും നാട്ടുകാര്‍ക്കും അറിയില്ല. ആളെ കണ്ടെത്തി ആദരിക്കാന്‍ ഒരുങ്ങുകയാണ് ക്ഷേത്രം അധികൃതര്‍.


Share this News Now:
  • Google+
Like(s): 6.1K