12 May, 2022 09:33:34 AM


ട്വന്റി-20യുടെ വോട്ടുകള്‍ സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്



കൊച്ചി : ട്വന്റി-20യുടെ വോട്ടുകള്‍ സ്വീകരിക്കുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. വിജയിക്കാനായി എല്ലാവരുടെയും വോട്ട് തേടും. തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്യുന്നവരെ ഒപ്പം നിര്‍ത്തുമെന്നും ഉമാ തോമസ് പറഞ്ഞു.

തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. മുന്‍പ് ട്വന്റി-20ക്കെതിരെ പി ടി തോമസ് നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ സാഹചര്യം അതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് തിക്താനുഭവങ്ങള്‍ നേരിടുന്നവരാണ് ട്വന്റി-20. അവര്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നും സര്‍ക്കാരിന് തിരിച്ചടി കൊടുക്കാന്‍ ട്വന്റി-20 മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു.

തൃക്കാക്കരയില്‍ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ഇടതു മുന്നണി രംഗത്ത് ഇറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് രാഷ്ട്രീയ വൈര്യം മറന്ന് ട്വന്റി-20യെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെയാണ് ട്വന്റി-20യുമായി സൗഹൃദത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് ആദ്യം നിലപാട് വ്യക്തമാക്കിയത്. ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള തീരുമാനം എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നീരസങ്ങളെപോലും അവഗണിച്ചാണ് നേതൃത്വം കൈക്കൊണ്ടത്.

ട്വന്റി-20 വോട്ട് സര്‍ക്കാരിനെതിരാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞു. ക്രൈസ്തവ സമൂഹത്തെ യു ഡി എഫ് സഹായിച്ചില്ലെന്നും ക്രൈസ്തവ വോട്ട് ബി ജെ പിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K